kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, December 21, 2015

10:55 PM

പുളിമുക്ക്

                           പുളിമുക്ക്
ടൌണില്‍ കറങ്ങിത്തിരിഞ്ഞ്‌ നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഓമനക്കുട്ടന്‍ ഒരു ജാഥക്കിടയില്‍ പെട്ടു.അവരില്‍ ഒരാളായി ഓമനക്കുട്ടനും നടന്നു, അങ്ങിനെ നടക്കുമ്പോള്‍ അന്നത്തോളം അനുഭവിക്കാത്ത ഒരു ഒരു സുരക്ഷിതത്വം അയാളെ പൊതിഞ്ഞു, താനും ഇപ്പോള്‍ ഒരാളായ പോലെ, തണുപ്പുകാലത്ത് ഉടുമുണ്ട് കൊണ്ട് തലവഴി മൂടിപ്പുതക്കുന്ന പോലെ ജാഥ കൊണ്ട് ഓമനക്കുട്ടന്‍ തന്നെ പുതച്ചു .
ഇപ്പോള്‍ എന്നും തന്നോട് വഴക്കടിക്കുന്ന മദ്യപാനിയായ കൂട്ടുകാരന്‍ തനിക്കു വിഷയമല്ല, അതിര്‍ത്തി തുരക്കുന്ന അയല്‍ക്കാരന്‍ തനിക്കു പ്രശ്നമല്ല , തനിക്കും നാലാള്‍ കൂടെ ഉണ്ട് എന്ന തോന്നല്‍ ..

എല്ലാ ഷര്‍ട്ടുകളും കീറിക്കഴിഞ്ഞപ്പോള്‍ അലമാരയില്‍ അവശേഷിച്ച കല്യാണക്കുപ്പായമാണ് ഒമാനക്കുട്ടന്റെ വേഷം. അതാകട്ടെ ജാഥയില്‍ അയാള്‍ക്ക്‌ ഒരു സവിശേഷ വ്യക്തിത്വം തന്നെ നല്‍കുകയും ചെയ്തിരുന്നു
ഒരു വളവില്‍ വച്ച് ജാഥയില്‍ നിന്നും ഒന്ന് തെറ്റി നടന്ന ഓമനക്കുട്ടന്‍ ഓശാരത്തിനു കയ്യില്‍ കിട്ടിയ കൊടി ഉയര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കി,ജാഥയുടെ ഒരു ഭാഗം ഇതാ തന്റെ ഒപ്പം നടക്കുന്നു .ഓമനക്കുട്ടന് വിശ്വസിക്കാന്‍ ആയില്ല.പിറകില്‍ നിന്നും ഒരാള്‍ തന്റെ പേര് ചോദിച്ചപ്പോള്‍ നല്ല ഉശിരില്‍ തന്നെ അയാള്‍ തന്റെ പേര് പറഞ്ഞു കൊടുത്തു .

ഓമനക്കുട്ടന്‍
ഓമനക്കുട്ടന്‍കീ ജയ്‌
ധീരാ വീരാ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലക്ഷം ലക്ഷം പിന്നാലെ

ഓമനക്കുട്ടന് കോരിത്തരിച്ചു .താനും ഒരു നേതാവായി,നടന്നു നടന്നു ജാഥ നഗരം പിന്നിട്ടു .ഇതിനിടെ തനിക്ക് വായില്‍ തോന്നിയതൊക്കെ ഓമനക്കുട്ടനും വിളിച്ചു പറഞ്ഞു .ഒപ്പം ഉളവര്‍ അതേറ്റു പാടി, തനിക്കും കുറെ കാര്യങ്ങള്‍ അറിയാം എന്നയാള്‍ക്ക് ബോധ്യമായി .

       ഇടവഴി കടന്നു തിരിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ പെട്ടെന്ന് തന്റെ വീട് തിരിച്ചറിഞ്ഞു, വയസ്സായ അച്ഛന്‍,പൂമുഖത്തെ അമ്മയുടെ ചില്ലിട്ടു തൂക്കിയ ചിത്രം ,കെട്ടിച്ച കടം തീരും മുമ്പേ പൊറുതി മതിയാക്കിയ പെങ്ങള്‍ ,കെട്ടിയ കടം തീരും മുമ്പേ പിണങ്ങിപ്പോയ ഭാര്യ, നാടുവിട്ട അനുജന്‍ ...ഓമനക്കുട്ടന്‍ അത്താണി കടന്നു വീട്ടിലേക്കു കയറി ..

        ചൊക്ലിപ്പട്ടി കുരച്ചത് കൊണ്ടാകണം ജാഥ നിന്നു.പൊടുന്നനെ നേതാവിനെ നഷ്ടപ്പെട്ട ജനം അത്താണിക്ക് അപ്പുറം ചുറ്റിത്തിരിഞ്ഞു, കൂട്ടത്തില്‍ ഒരുവന്‍ വഴിയരികിലെ പുളിമരത്തില്‍ കയറി ഇരുന്നു. പതിയെ പതിയെ മൂളലും ചീറലും ചിറകടിയുമായി ബാക്കി ഉള്ളവരൊക്കെ അയാളെ പൊതിഞ്ഞു .

                              ഓമനക്കുട്ടന്റെ വീട്ടിന്റെ മുമ്പിലെ പുളിയില്‍ കാട്ടുകടന്നലുകളുടെ കൂടുണ്ടെന്നും അതുവഴി സ്കൂളിലേക്ക് പോകരുത് എന്നും അമ്മമാര്‍ കുട്ടികളെ വിലക്കി തുടങ്ങി . അക്കാലത്ത് ഗ്രാമത്തിലേക്ക് സര്‍വീസ് ആരംഭിച്ച ഒറ്റ ബസ്സിനു പുളിമുക്ക് എന്നാ പുതിയ സ്റ്റോപ്പുകൂടി  ആരംഭിക്കുകയും ചെയ്തു 
10:32 PM

ഫെമിനിസ്റ്റ്

                      ഫെമിനിസ്റ്റ് 
അവന്‍ ചിറക് ഒരു വശത്തേക്ക് ചരിച്ചു തന്റെ ശരീരത്തോട് ഉരുമ്മിയപ്പോള്‍ പിടക്കോഴിക്കു കാര്യം മനസ്സിലായി .ഇനി അവര്‍ തന്റെ പിന്നാലെ ഓടും .ഒരാക്രമണം പോലെ പിറകില്‍ നിന്നും തന്റെ പുറത്ത് കയറും.കാലുകള്‍ ഉണ്ട് അള്ളിപ്പിടിച്ചു തലയുടെ മധ്യത്തില്‍ കൊക്ക് കൊണ്ട് അവന്‍ അമര്ത്തി ചുംബിക്കുമ്പോള്‍ ഭാരം കൊണ്ട് താന്‍ അമരും .ഇന്നെങ്കിലും കാര്യസാധ്യത്തിനു മുമ്പ് എന്തെങ്കിലും ഒരു നിബന്ധന വക്കണം .പിട ഉറച്ചു .
പ്രണയ ചേഷ്ടകള്‍ക്കിടയില്‍ പിടയുടെ പതിവില്ലാത്ത ഒഴിഞ്ഞു മാറലുകളും തെറ്റി നടത്തവും കണ്ടു പൂവന്‍ ചോദിച്ചു
പറയു പ്രിയേ എന്താണ് നിനക്ക് വേണ്ടത് ? എന്ത് ആഗ്രഹവും ഞാന്‍ സാധിച്ചു തരാം

പിട പൂവന്റെ ചെവിയില്‍ എന്തോ പറഞ്ഞു .പിന്നെ നൈമിഷികമായ സുരതത്തിന്റെ രസാവേഗങ്ങളിലേക്ക് അവരോന്നിച്ചു ഒതുങ്ങി .

പിറ്റേന്ന് രാവിലെ പൂവന്‍ കോഴി കൂക്കിയില്ല.,കൂവല്‍ കേള്‍ക്കാഞ്ഞതിനാല്‍ സൂര്യന്‍ കിഴക്ക് ഉദിച്ചില്ല.കാവിലെ പാട്ട്,പള്ളിമണി ,ബാങ്ക് വിളി , അഞ്ചരക്കുള്ള വണ്ടി ,പാല്‍ക്കാരന്‍ ,പലിശക്കാരന്‍ തമിഴന്‍ എന്നിവരുടെ വണ്ടികളുടെ ഹോണുകള്‍ ഒന്നുമുണ്ടായില്ല .
സൂര്യന്‍ കിഴക്ക്  ഉദിച്ചതെയില്ല ..

വിജയത്തിന്റെ തെല്ലു ഗര്‍വോടെ കൂട്ടില്‍ പിടക്കോഴി പൂവനോട് ഒന്ന് കൂടി ചേര്‍ന്ന് കിടന്നു .
നേരം വെളിച്ചായിട്ടില്ലല്ലോ 
10:22 PM

മിനിക്കഥകള്‍

                 കുരുക്ഷേത്രം 

കുന്തം കൊടുക്കയും ഇല്ല കുത്തുകയും ഇല്ല എന്നായിരുന്നു അയാളെപ്പറ്റി മറ്റുള്ളവരുടെ പരാതി .ഗതി കെട്ടു അയാള്‍ കുന്തം ഒരു ദിവസം അവര്‍ക്ക് കൈമാറി .
കുന്തത്തിന്റെ തലയെത് മുരടെത് അന്നരിയാതെ അവര്‍ ഉഴലുന്നത് കണ്ടു അയാള്‍ ഊറിയൂറി ചിരിച്ചു .
               
         ഗ്ലോബലിസം 

ഒന്നിനും സമ്മതം ഇല്ലാഞ്ഞിട്ടും എല്ലാം അനുസരിക്കേണ്ടി വരുന്നു .

                       ഹണിമൂണ്‍  
നാടകത്തിന്റെ ക്ലൈമാക്സ് രംഗത്തിനു ഡ്രസ്സ്‌ ചെയ്യാന്‍ ഇറച്ചിക്കടക്കാരനും കോഴിയും മണിയറയിലേക്ക് നടന്നു
10:14 PM

പരിണാമം

                       പരിണാമം 

മനുഷ്യന്‍ കുരങ്ങനില്‍ നിന്നും പരിണമിച്ചു ഉണ്ടായി എന്ന സിദ്ധാന്തം അവതരിപ്പിച്ചു ഡാര്‍വിന്‍ വേദി വിട്ടപ്പോള്‍ ഒരു പാട് പേര്‍ എതിര്‍ വാദങ്ങള്‍ നടത്തുകയും ചെയ്തു
 ഡാര്‍വിന്‍ തിരിച്ചു സ്റ്റേജിലേക്ക് കയറി കുരങ്ങന്‍ മനുഷ്യനില്‍ നിന്നും പരിണമിച്ചു ഉണ്ടാകുന്നതാനെന്നു സ്ഥാപിക്കാനുള്ള തെളിവുകള്‍ നിരത്തി തുടങ്ങി .
സദസ്സ് പരസ്പരം ഇളിച്ചു കാട്ടിയും പൃഷ്ടം ചൊരിഞ്ഞും ഹാളിലെ കമ്പികളില്‍ ഊഞ്ഞാലാടിയും വാലാടിയും സമ്മതം ചീറ്റിക്കൊണ്ടിരുന്നു
10:05 PM

കര്‍മ്മകാരകം

                         കര്‍മ്മകാരകം 
ഉരുട്ടി കയറ്റാന്‍ ഒരു കല്ല്‌ തേടി നാരാണത്തെ ഭ്രാന്തന്‍ നടക്കാന്‍ തുടങ്ങി .കല്ലായ കല്ല്ലിന്മേലോക്കെ പല സംഘടനകളുടെയും ബുക്ട് എഴുത്തുകള്‍ .ഒരു പാറ ക്വാറിയില്‍ ഒത്ത ഒരു കല്ലുണ്ട് .ഭ്രാന്തന്‍ അതിനു അടുത്തേക്ക് നടന്നു .അതിനടുത്ത് എത്ത്തിയപ്പോലെക്കും ഒരു യന്ത്രത്തിന്റെ കൈ നീണ്ടു വന്നു അതിനെ പൊക്കിയെടുത്ത് ലോറിയിലെക്കിട്ടു. ഭ്രാന്തന്‍ പിന്നെയും നടന്നു .ഒരിടത്ത് ഹിന്ദി തൊഴിലാളികള്‍ കല്ലും ചുമന്നു നടക്കുന്നത് കണ്ടു ഭ്രാന്തന്‍ അവര്‍ക്ക് ഒപ്പം കൂടി. തനിക്കു ഇത്രയധികം ആരാധകരോ എന്ന് ഉള്ളില്‍ അത്ഭുതം കൂറി .കുറെ നടന്നിട്ടും കുന്നു കാണാഞ്ഞു ഭ്രാന്തന്‍ ചുറ്റും നോക്കി .കുന്നായ കുന്നൊക്കെ നിരന്നിരുന്നു .നിരപ്പ് മാത്രം നോക്കി നടന്നു ഭ്രാന്തന്‍ ലോകാവസാനം വരെ എത്തി .
 അവിടെ എക്സ്പ്രസ്സ്‌വേ യുടെ കരാറുകാരന്‍ കാത്തു നിന്നിരുന്നു .തൊഴിലാളികള്‍ക്ക് ചുമന്നു കൊണ്ട് വന്നു കല്ലിന്റെ തൂക്കം നോക്കി ലോകബാങ്കിന്റെ സീലുള്ള ഒരു പച്ച നോട്ടു നല്കുന്നുണ്ടായിരുന്നു .ഭ്രാന്തന്റെ ഊഴം എത്തിയപ്പോള്‍ അയാള്‍ ബ്രാന്തനും നീട്ടി ഇസ്തിരി വടിവുള്ള ഒരു നോട്ട്..

അന്നാദ്യമായി ഭ്രാന്തന്‍ പൊട്ടിക്കരഞ്ഞു .
12:55 AM

പിടച്ചിലുകള്‍

                           പിടച്ചിലുകള്‍

ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു .അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും  ഉണ്ടായിരുന്നിടത്ത്  പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ .അതോടെ സ്കൂള്‍ പെട്ടെന്ന്  നിശബ്ദമായി.
        ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു .ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരുന്നല്ലോ എന്ന് ടീച്ചര്‍ ഓര്‍ത്തു പോയി .താന്‍ പഠിച്ച പാഠങ്ങള്‍ക്ക് അപ്പുറം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളെണ്ടി വരുമ്പോള്‍ താന്‍ തീരെ ചയൂതായി പോകുന്നുണ്ടോ എന്നാ സംശയത്തോടെ ടീച്ചര്‍ ക്ലാസിലേക്ക് കയറി .
                      കഴിഞ്ഞ ദിവസമാണ് സ്കൂളിനെ സ്മാര്‍ട്ട് സ്കൂള്‍ ആക്കി പ്രഖാപിക്കുന്നത് .അത് വരെ ഉണ്ടായിരുന്ന മുക്കാലിയും ബോര്‍ഡും സ്കൂളിനു പിറകിലെ ഷെഡില്‍ തന്നെ പോലെ തന്നെ ചുരുണ്ട് കിടപ്പുണ്ടാകുമെന്നു ടീച്ചര്‍ക്ക് തോന്നി .
ഗ്രാമ പ്രദേശത്തെ സ്കൂളില്‍ തനിക്കിനി ഏതാനും മാസങ്ങള്‍ മാത്രം. സ്കൂളിലേക്ക് വരുമ്പോള്‍ പാത കരുത്തിരുന്നില്ല ,മുന്നിലെ ഷോപ്പിംഗ്‌ കോമ്പ്ലക്സിനു പകരം ഗോപാലന്‍ നായരുടെ പുക മണമുള്ള ചായപ്പീടിക മാത്രം .സ്വയം ഭൂവായ വിഗ്രഹം പോലെ സ്കൂളില്‍ ഉണ്ടായിരുന്ന പഴയ തീവണ്ടി ചക്രത്തില്‍ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന മുഴക്കമാണ്‌ അവിടുന്ന് ഇതുവരെ തന്റെ ജീവതത്തിന്റെ താളം .
                            ഒന്നാം തരം മുതല്‍ ക്ലാസ്സുകള്‍ ഒന്നാം തരം ആക്കണം .ക്ലാസ് മുറി മുഴുവന്‍ പക്ഷി മൃഗാദികളുടെ ചിത്രങ്ങള്‍ പതിച്ചു .നിലം ടൈല്‍ വിരിച്ചു .കറകറ കരയുന്ന പഴയ മര ബഞ്ചുകള്‍ക്ക് പകരം സ്ടീലില്‍ വെല്‍ഡ്‌ ചെയ്തു ഉറപ്പിച്ച പുതിയ കാല ഇരിപ്പിടങ്ങളായി .കീറിപ്പറഞ്ഞ ഡസ്റ്ററും കൈയ്യില്‍ തൂക്കി നിന്ന ബോര്‍ഡിനു പകരം മിനി സ്ക്രീന്‍. തലയ്ക്കു മുകളില്‍ ലോക സാക്ഷിയെ പോലെ പ്രൊജക്ടര്‍ .ഡി വി ഡി , മൈക്ക് , ബോക്സുകള്‍ ..അമ്മിണി ടീച്ചറുടെ നാലാം ക്ലാസും അങ്ങിനെ സ്മാര്‍ട്ട് ആയി
                           കുട്ടികള്‍ ഒക്കെ വല്ലാണ്ടെ മാറിപ്പോയി .എല്ലാ ദാരിദ്ര്യങ്ങളെയും ഒളിച്ചു വയ്ക്കുന്ന പുതിയ യൂണിഫോം .കഴുത്തില്‍ ഫോട്ടോ അടക്കം ഉള്ള ടാഗുകള്‍ .കാലില്‍ സോക്സും ഷൂവും .പഴയ കുഞ്ചുവും നീലാണ്ടനും കാര്ത്യായനിയും നിറഞ്ഞ ഹാജര്‍ പട്ടിക ഇപ്പോള്‍ അര്‍ച്ചന എസ് വാര്യര്‍ ,സിനു കെ ഗോപാലന്‍ നായര്‍ ,ഹേമ നമ്പൂതിരി എന്നൊക്കെ മാറിയിട്ടുണ്ട് . ടീച്ചര്‍ക്ക് ഗസറ്റില്‍ പരസ്യം കൊടുത്ത് ഈ അമ്മിണി എന്ന പേര്‍ അമ്മിണി ഗോപിനാഥ് എന്നോ അല്ലെങ്കില്‍ മറ്റൊരു പേരോ തന്നെയോ ആക്കി മാറ്റിക്കൂടെ എന്നും ഇനി എന്നാണു നമ്മുടെ അമ്മിണി ടീച്ചര്‍ കൂടി സ്മാര്‍ട്ട് ആകുക എന്ന്  ചെറുപ്പക്കാരനായ ഹെഡ് മാസ്റര്‍ സ്റാഫ് മീറ്റിങ്ങില്‍ ചോദിച്ച അന്ന് തുടങ്ങിയതാണ്‌ മനസ്സിലെ ഈ പിടച്ചില്‍ .
              പാഠം ആരംഭിക്കണം .എന്നും പറയാറുള്ള
                             
നമസ്തേ ടീച്ചര്‍

എന്നതിന് പകരം ഇന്ന് ആദ്യം ഒറ്റക്കും പിന്നെ ക്രമമില്ലാത്ത കൂട്ടമായും ഉയര്‍ന്ന

ഗുഡ് മോര്‍ണിംഗ്  ടീച്ചര്‍

ചെവിയില്‍ വന്നലച്ചപ്പോള്‍ ആണ് ടീച്ചര്‍ ചിന്തയില്‍ നിന്നും ഉയര്‍ന്നത് . താനിനി  ഗുഡ് മോര്‍ണിംഗ് തിരിച്ചു പറയണം .രക്ഷിതാക്കളും പ്രധാനാധ്യാപകനും പിന്‍ നിരയില്‍ ക്ലാസ് കാണാന്‍ ആയി ഇരിപ്പാണ് .

ഗുഡ് മോര്‍ണിംഗ് ആള്‍ ഓഫ് യു ..

തന്റെ ശബ്ദത്തിന് ഇടര്ച്ചയില്ലെന്നു വരുത്താന്‍ ഒന്ന് കൂടി ചുമച്ച് ടീച്ചര്‍ തൊണ്ട ശരിയാക്കി .
                         ഇന്നത്തെ പാഠം പുഴയാണ് .മുമ്പാണെങ്കില്‍ പുഴ എന്ന് ബോര്‍ഡില്‍ കനപ്പിച്ചു ഒരു എഴുത്തും അതിനടിയില്‍ പാലം പോലെ രണ്ടു വരയും മതിയായിരുന്നു .ഇന്നത്‌ പോര .നേരെത്തെ ലാപ് ടോപ്പില്‍ തയാറാക്കി വച്ച പലതും പ്രൊജക്ടര്‍ വച്ചു കാണിക്കണം .സ്റാഫ് റൂമില്‍ വച്ച് എല്ലാവരും ചേര്‍ന്ന് പഠിപ്പിച്ചു വിട്ടതാണ് .ചെന്നയുടന്‍ പുഴയെ കുറിച്ച് ഒരു ആമുഖം പറയണം .പിന്നെ പതുക്കെ കാഴ്ചകളിലേക്ക് .ക്ലാസ് പകര്‍ത്താന്‍ ക്യാമാരക്കാരനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതറാന്‍ പാടില്ല എന്ന് ഉള്ളില്‍ ഇന്ന് ആരോ പറയുന്നത് കടവിലെ പുഴയുടെ നേര്‍ത്ത മൂളല്‍ പോലെ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട് .
               ക്ലാസ് മുറിയുടെ മൂലയില്‍ നിന്നും ക്യാമറ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട് .ടീച്ചര്‍ എന്താണ് ക്ലാസ് തുടങ്ങാത്തത് ചോദ്യം പ്രധാനാധ്യാപകന്റെ പുരികക്കൊടിയില്‍ ഉയരുന്നുണ്ട്.രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ത്തിയ ചിരികള്‍ ഉണ്ട് .ഇലകള്‍ക്ക് മുമ്പില്‍ വിളമ്പുകാരനെ കാത്ത് ഇരിക്കുന്നവരെ പോലെ തന്റെ കുട്ടികള്‍. താന്‍  ബലിച്ചോറിന്റെ ഒരു ഉരുളയാണെന്നും തനിക്കു ചുറ്റിലും ബലിക്കാക്കകള്‍ ഊഴം കാത്ത് കടുപ്പിച്ചു നോക്കുകയാണെന്നും അമ്മിണി ടീച്ചര്‍ക്ക് തോന്നി .

പ്രിയപ്പെട്ട കുട്ടികളെ ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് പുഴയെ കുറിച്ചാണ് ..

അയ്യോ ഡിയര്‍ സ്ടുടെന്റ്സ് ടുഡേ വി ആര്‍ ഗോയിംഗ് ടോ സ്ടഡി എബൌട്ട്‌ റിവര്‍ എന്നാണല്ലോ തുടങ്ങേണ്ടിയിരുന്നത് ?

വിച് റിവര്‍ ടീച്ചര്‍ ഈസ് ഇറ്റ്‌ കല്‍പ്പാത്തി റിവര്‍ ഓര്‍ ഭാരത റിവര്‍ .?

.ഒന്നാം ബഞ്ചില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ലെറ്റ്‌ ആസ് സീ സം വീഡിയോസ് ഓഫ് റിവര്‍ എന്ന് തപ്പിത്തടഞ്ഞു ടീച്ചര്‍ പവര്‍ പ്ലഗിന്റെ ചുകപ്പില്‍ വിയര്‍ക്കുന്നു വിരല്‍ അമര്‍ത്തി.നൂറു വട്ടം പ്രവര്‍ത്തിപ്പിച്ചിട്ടും  മെരുങ്ങാത്ത പ്രൊജക്ടര്‍ തന്നെ നോക്കി പള്ളിളിക്കുന്നതും നിവര്‍ത്തി വച്ച ലാപ് ടോപ്‌ ഒരു വലിയ ജലജീവിയുടെ വാ പോലെയും തോന്നുന്നത് മറികടക്കാന്‍ ശ്രമിച്ചു റിമോട്ടില്‍ വിരല്‍ അമര്ത്തി. ലാപ് ടോപ്പിന്റെ പാഡില്‍ വിരല്‍ വച്ചപ്പോള്‍ സ്ക്രീനില്‍ ചുറ്റിത്തിരിയുന്ന അമ്പടയാളം തനിക്കു നേരെ എപ്പോളാണ്  ബ്രഹ്മാസ്ത്രം പോലെ പാഞ്ഞു വരികയെന്ന് പെന്‍ഷന്‍ ബുക്ക്‌ പൂരിപ്പിച്ചു കൊടുക്കുമ്പോള്‍ ഉള്ള അങ്കലാപ്പോടെ ടീച്ചര്‍ നിയന്ത്രിച്ചു നിര്‍ത്തി .
                          ലാപ് ടോപ്പിലെ റിവര്‍ എന്ന ഫോള്‍ഡര്‍ രണ്ടു പ്രാവശ്യം അമര്‍ത്തണം .സൈമോന്‍ മാഷിന്റെ വാക്കുകള്‍ ഉണ്ട് ചെവിയില്‍ .പ്രോജകര്‍ ശരിയാവുന്നില്ല, മിനി സ്ക്രീനില്‍ ഉറ്റു നോക്കി ഇരുന്നവരുടെ കണ്ണുകളില്‍ അക്ഷമയുടെ ഒളിയമ്പുകള്‍ ..അവിടിവിടെ ടീച്ചര്‍ ടീച്ചര്‍ വിളികള്‍ ..പിന്നെയും ടീച്ചര്‍ റിമോട്ട് അമര്ത്തി .സ്ക്രീനില്‍ എന്തോ ഒരു വെള്ളിവെളിച്ചം മിന്നി മറഞ്ഞു പോയി

ടീച്ചര്‍ ഇതൊക്കെ നേരെത്തെ പ്രിപയര്‍ ചെയ്തു വയ്ക്കണ്ടേ ? എന്താ ഇങ്ങിനെ ഒക്കെ?

    പ്രധാനാധ്യാപകനും മറ്റുള്ളവരും മേശക്കരികിലേക്ക് വരുന്നത് അമ്മിണി ടീച്ചര്‍ കണ്ടു .എവിടെ നിന്നോ ഒരുറവ കണ്ണുകളില്‍ പുഴയായി വന്നു മൂടുന്നതും ആ കുത്തൊഴുക്കില്‍ താനും കുട്ടികളും നിലവിളിയോടെ അകന്നു പോകുന്നതും , വലിയ ഒരു മരം കടപുഴി ഒലിച്ചു പോകുന്നതു പോലെ പ്രൊജക്ടര്‍ നീങ്ങി പോകുന്നതും കണ്ടും കെട്ടും അമ്മിണി ടീച്ചര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ മിനുസമുള്ള നിലത്തേക്കു പൊടുന്നനെ കുഴഞ്ഞിരുന്നു .

Wednesday, December 9, 2015

7:21 PM

അദൃശ്യം

                     അദൃശ്യം 



       സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടിയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി.

   ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത് .നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്ക്കും അത്ര ഇന്റെറെസ്റ്റ്‌ ഉണ്ടായിട്ടല്ല .എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്ക്കുതന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്ക്കും എതിര്‍ വാക്കുണ്ടായില്ല .

       മൂത്ത മകന് മകളുടെ കല്യാണം , രണ്ടാമത്തവള്‍ക്ക് മകന്റെ ജോലിക്കാര്യം ,പട്ടണത്തിന്റെ പ്രേതം ആവേശിച്ച മുക്കിലങ്ങാടിയില്‍ ഫാന്സി നടത്തുന്ന ഇളയവന് അതൊന്നു പരിഷ്കരിക്കണം എന്ന മോഹം.ചിറകിനുള്ളില്‍ കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്ത്തിയയവരെ ഒരു പ്രായം ചെന്നാല്‍ കൊത്തിയാട്ടണമെന്ന ചിന്ത പലരും പറഞ്ഞു ബോധിപ്പിച്ച്ചെങ്കിലും മീനാക്ഷിയമ്മക്ക് അതിന്റെ ഗുട്ടന്‍സ് ഇപ്പോളും പിടി കിട്ടിയിട്ടില്ല .

പത്ത് മുപ്പത് വര്ഷം മുമ്പ് ഒരു മൂവന്തിക്ക്‌കോടിത്തെങ്ങില്‍ നിന്നും ഊര്‍ന്നു വീണതേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ അതിനി രാവിലെ എടുത്താല്‍ പോരെ എന്ന പിന്‍ വിളി മീനാക്ഷി ഉയര്ത്തിതയെങ്കിലും 

"നട്ടു നനച്ചു ഉണ്ടാക്കീതാ മീനാക്ഷിയെ രാവിലേക്ക് അത് വല്ലോരും പെറുക്കി കൊണ്ട് പോയാലോ എന്നും പറഞ്ഞു തൊടിയിലേക്ക്‌ ഇറങ്ങിയതാണ് നാരായണന്‍ നായര്‍ .കാലില് എന്തോ തട്ടിയെന്ന സന്ദേഹവും ഒരു വിളഞ്ഞ തേങ്ങയും ഒരേ പോലെ മുഴങ്കൈയ്യില്‍ എടുത്ത് കോലായ കേറി വന്നപ്പോള്‍ മീനാക്ഷിയും ആദ്യം അത് കാര്യമാക്കിയില്ല .

      അന്തിക്കറുപ്പ് തൊടിയിലേക്ക്‌ പതിയെ പടര്‍ന്ന പോലെ കാലിലെ ചെറിയ രണ്ടു കടിപ്പാടില്‍ നിന്നും നാരായണന്‍ നായരുടെ ദേഹത്തേക്ക് നീലിമ പടര്ന്നടതും നിലക്കാത്ത വിയര്പ്പും അതിനൊടുവില്‍ മീനാക്ഷിയെ എന്ന വിളിയിലെ തണുപ്പും പടി കയറി വന്ന ആള്‍ക്കൂട്ടവും എന്തിനെന്നറിയാതെ പകച്ച മൂന്നു കുഞ്ഞി കണ്ണുകളും മീനാക്ഷിയമ്മക്ക് ഇന്നത്തെ പോലെ മുന്നില്‍ .തെക്കേ തൊടിയിലേക്ക്‌ എടുത്തു കൊണ്ട് പോകുമ്പോള്‍ നാട്ടുകാരണവര്‍ ചുരുട്ടി തന്ന ഒറ്റ മുണ്ടിനുള്ളില്‍ ഒരു കാലു തെല്ലു പൊട്ടിയ കണ്ണട ഉണ്ടായിരുന്നത് അന്ന് തൊട്ടും മീനാക്ഷിയമ്മ ഇടക്കെടുത്ത് വച്ച് നോക്കാറുണ്ട് .ചില നേരത്ത് കാഴ്ച വല്ലാതെ മങ്ങുന്നു എന്ന് തോന്നുമ്പോള്‍ അത് ഒരു സമാധാനം ആണെന്ന് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ പോകാന്‍ ഉള്ള ഊര് ചുറ്റലിനിടയില്‍ എത്തിയ വേലുവിനോട്‌ പറയുകയും ചെയ്തു 


               മക്കളെയൊക്കെ പിന്നെ ഒരു വിധം നന്നായി വളര്ത്തി .പെട്ടയോ ചേവാലോ എന്ന് തിരിയാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് പിന്നെ എന്തിനും ഏതിനും അമ്മ മാത്രം .പലപ്പോളും രണ്ടു കണ്ണും രണ്ടു കാതും പോരായിരുന്നു .ആയിരം കണ്ണും കാതുമായി മീനാക്ഷിയമ്മ കുട്ടികള്ക്ക് കാവലിരുന്നു .ഈറ്റ് പാമ്പിന്റെ ശ്രദ്ധയോടെ .അന്നൊന്നും ഒരു ഭാഗം, പിരിച്ചില്‍ മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല .

"ഞങ്ങള്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് .അമ്മ എതിര് നില്ക്കാരുത് "
മൂത്തവന്റെ വാക്കുകള്‍ ആദ്യം കോലായ കേറി വന്നത് ഒരു പകപ്പോടെ മീനാക്ഷിയമ്മ കേട്ട് നിന്നു.
"അമ്മേടെ ഒരു കാര്യത്തിനും മുടക്ക് വരില്ല ,
മകളുടെ വയ്ക്കുകല്‍ പൊടിഞ്ഞ കണ്ണീര്‍ ഇടതു കൈ കൊണ്ട് തുടച്ചു മീനാക്ഷിയമ്മ പതറി
അമ്മെക്കു ഇനി വയ്യാത്ത കാലാ ..ആരടെ കൂടെ വേണം എങ്കിലും നിക്കാലോ ..ഞങ്ങള്‍ തയ്യാറാ
മൂന്നാമന്റെ ശബ്ദത്തിന് തറവാട്ടു തെങ്ങില്‍ നിന്നും ഒരു പട്ട ശരെന്നു താഴേക്കു വീഴുന്ന താളം പോലെ തോന്നിച്ചപ്പോള്‍ അമ്മ കണ്ണുകള്‍ ദൂരേക്ക്‌ പായിച്ചു.
നിങ്ങള്‍ എന്താ എന്ന് വച്ചാ ഒന്ന് വേഗം തീരുമാനിക്ക് ..എനിക്ക് വേറെ ജോലിയുണ്ട് ..
സര്‍വേക്കാരന്റെ വാക്കുകളിലൂടെ തെല്ലിട നാലുപേര്ക്കി്ടയില്‍ ഒതുങ്ങി നിന്ന കാലം പുറത്തേക്ക് കുതറിചാടി ..
അമ്മ ഒരു നെടുവീര്‍പ്പോടെ ടെ ഉള്ളിലേക്ക് പോകുന്നത് മൌനം സമ്മതം ആയി എടുത്തു മക്കള്‍ മുറ്റത്തേക്ക്‌ ഇറങ്ങി ..

അല്ല അമ്മയെ ആരുടെ കൂടെ നിര്ത്താ്ന ഭാവം ? നിങ്ങള്‍ ആരാച്ചാ നിര്ത്തി ക്കോ , എന്റെ ഒപ്പം ടൌണിലെ രീതിയൊന്നും അമ്മക്ക് പിടിക്കില്ല..

മൂത്തയാളുടെ മുന്‍‌കൂര്‍ ജാമ്യം കോലായ കടന്നു ഇടനാഴിയിലെ ഉമ്മറപ്പടിയില്‍ എത്തി .

"എനിക്കൊന്നും നടക്കില്ല ട്ടോ , മൂപ്പര്ക്കും എനിക്കും ജോലിക്ക് പോകേണ്ടതാ ..നീ നിര്ത്തിക്കോടാ...

മകള്‍ ഒരു പന്തുകളിക്കാരന്റെ കനിഷത്ത്തോടെ തന്നെ മൂന്നാമന് തട്ടി കൊടുക്കുന്നത് മച്ചിലേക്ക് കയറുമ്പോള്‍ മീനാക്ഷിയമ്മയുടെ ചങ്കില്‍ തടഞ്ഞു.,,

അമ്മക്കെ വയസായി വരികയാ ,എനിക്കാണെങ്കില്‍ മൂക്കറ്റം കടവും ..നിങ്ങള്‍ രണ്ടാളും നല്ല സ്ഥിതി ഉള്ളവരാ...നിങ്ങള്‍ വേണം അമ്മയെ നോക്കാന്‍

മൂന്നാമന്റെ വാക്കുകള്ക്കൊ പ്പം പച്ചച്ചു നിന്ന തൈത്തെങ്ങു വേനലിലെ ഒരു ഇടിക്കു നിന്ന് കത്തുന്നത് മീനാക്ഷിയമ്മ കണ്ടു .

പുറത്ത് ചങ്ങലയുടെ കിലുക്കം പല തവണ ഉയര്ന്നുന താണ്‌ വന്നു .ചെറിയ ഒച്ചയുയര്ത്തലുകള്‍ , സമാധി തറ എന്ത് ചെയ്യണം ,? തെക്കേ തൊടിയിലെ പുളിമാവ് ആരുടെ ഭാഗത്തില്‍ വരും എന്നൊക്കെയുള്ള ചര്ച്ചലകള്‍ . കണ്ണീര്‍ മുഴുവനായി വറ്റി എന്ന് ഉറപ്പായപ്പോള്‍ മീനാക്ഷിയമ്മ പതുക്കെ എഴുനേറ്റു,പുറത്തെ ബഹളങ്ങള്‍ എല്ലാം ഒതുങ്ങി.മച്ചിലെ പത്തായത്തിന്റെ മൂലയില്‍ മടക്കി വച്ച ഒറ്റമുണ്ടും അതിന്റെ മടക്കിനുള്ളിലെ പഴഞ്ചന്‍ കണ്ണടയും മെല്ലിച്ച കൈകള്‍ കൊണ്ട് പതിയെ തപ്പിയെടുത്ത് കണ്ണീരു കൊണ്ട് നനഞ്ഞ ഉടുമുണ്ടിന്റെ കോന്തല കൊണ്ട് രണ്ടു ചില്ലും തുടച്ചു .പഴകിയ മുണ്ട് നാലായി മടക്കി ചുമലില്‍ ഇട്ടു .കണ്ണടയുടെ കാലുകള്‍ പതുക്കെ നിവര്ത്തി മൂക്കത്ത് വച്ചുറപ്പിച്ചു

കോലായ കടന്നു ഉമ്മറ തിണ്ണയില്‍ കാലിന്‍ മേല്‍ കാലും കയറ്റി വച്ച് മീനാക്ഷിയമ്മ മുറ്റത്തേക്ക്‌
നോക്കി
ഒന്നും കാണാന്‍ ആവുന്നില്ലല്ലോ .തൊടിയും പാടവും ഒക്കെ എവിടെയോ മറഞ്ഞ പോലെ.,കണ്ണട ഒന്ന് കൂടി എടുത്തു തുടച്ചു വച്ച് ..പിന്നെയും പിന്നെയും നോക്കി .
ഒരു കണ്ണടക്കും കാണാന്‍ ആവാത്തത് ചിലതുണ്ടല്ലോ എന്ന് സമാധാനിച്ചു ചാവടിയിലേക്ക് കയറി .മീനാക്ഷിയമ്മ തല തെക്കോട്ട തന്നെ അല്ലെ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി മലര്ന്നു് നീണ്ടു നിവര്ന്നു കിടന്നു ...

Friday, June 26, 2015

9:28 PM

യോഗദിന സ്മരണക്കായി നാണയങ്ങള്‍





യോഗദിന സ്മരണക്കായി നാണയങ്ങള്‍ 
ദേശാന്തര യോഗദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്മാരക സ്ടാമ്പുകള്‍ പുറത്തിറക്കി .പത്ത്
 

രൂപ നൂറു രൂപ നാണയങ്ങള്‍ ആണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് .ഒരു വശത്ത് യോഗദിനത്തിന്റെ മുദ്ര ലേഖനം ചെയ്തിട്ടുണ്ട് .പ്രത്യേക സ്മാരക നാണയങ്ങള്‍ ആയതിനാല്‍ പൊതു ക്രയ വിക്രയ മേഖലയില്‍ ഈ നാണയങ്ങള്‍ ലഭ്യമല്ല .നാണയ പ്രേമികള്‍ക്ക് ഇവ സ്വന്തമാക്കാന്‍ ആഗസ്റ്റ്‌ മാസം 21 വരെ സമയം നല്‍കുന്നുണ്ട് .

യോഗദിന നാണയങ്ങള്‍

Thursday, May 28, 2015

8:55 AM

കൃഷിയിലെ നൂതന രീതികള്‍

കൃഷിയിലെ നൂതന രീതികള്‍ അറിയാന്‍ അധ്യാപകര്‍ മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്ര അധ്യാപകര്‍ നൊട്ടമലയിലെ സെല്‍ പ്ലാന്റ്  ടിഷ്യ കള്‍ച്ചര്‍ കേന്ദ്രം സന്ദര്‍ശിച്ചു






Monday, May 25, 2015

6:28 AM

കുട്ടികളെ വരവേല്‍ക്കാന്‍ മധുരമായ പ്രവേശന ഗാനം


         ഈ വര്‍ഷം സ്കൂളുകളില്‍ കുട്ടികളെ വരവേല്‍ക്കാന്‍  മധുരമായ പ്രവേശന ഗാനം .തൃശ്ശൂര്‍ ചേറ്റുവ ഗവ എല്‍പി സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയ വരികളാണ് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് .

ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം

പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ

അക്ഷര വൃക്ഷത്തണലില്‍
നമ്മള്‍ക്കൊത്തോരുമിക്കാം ഉത്സവമായ്

(പുതിയൊരു പുലരി പിറന്നു 
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ )

കളിയാടീടാം കണക്കു കൂട്ടാം
കഥയുടെ ചെപ്പിലോളിച്ചീടാം

കവിതകള്‍ പാടി പാടി രസിക്കാം
കാലിടറാതെ നടന്നു പഠിക്കാം

അറിവിന്‍ ജാലക വാതില്‍ തുറന്നു
ആകാശത്ത് പറന്നുയരാം


പരന്ന ലോകം മാടി വിളിപ്പൂ
വരൂ വരൂ
വരൂ നമുക്കിന്നുത്സവമായ്


ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു

പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു
കാറ്റിന്‍ കൈകളില്‍ ഊഞ്ഞാലാടാം

കടലിന താളം കേട്ടറിയാം
മഴവില്ലെഴുതാം മഴ നനയാം
പുഴയുടെ കുളിരിലലിഞ്ഞോഴുകാം
കാണാപാഠം കാട്ടില്‍ കളയാം
കണ്ടും ചെയ്തും മുന്നേറാം
പരന്ന ലോകം മാടി വിളിപ്പൂ
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു .

Monday, May 18, 2015

9:51 AM

മൂന്നു രംഗമുള്ള ഒരു കവിത

രംഗം ഒന്ന് 
==========
അവന്‍ /അവള്‍ കരയുന്നു 
ആരൊക്കെയോ ഓടി കൂടുന്നു 
അവര്‍ ഉച്ചത്തില്‍ ഉച്ചത്തില്‍ 
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു 
ആളുകള്‍ കേട്ട് കൊണ്ടേ ഇരിക്കുന്നു
രംഗം രണ്ട്
=========
അവന്‍ /അവള്‍ കരയുന്നു 
ആരും തിരിഞ്ഞു നോക്കുന്നില്ല 
അവര്‍ ഇടം വലം നോക്കി 
ഉച്ചത്തില്‍ ഉച്ചത്തില്‍ 
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു
ആരും തിരിഞ്ഞു നോക്കുന്നില്ല ...
രംഗം മൂന്ന്
========
ചുറ്റും നോക്കി 
അവന്‍ /അവള്‍ 
കരച്ചിലിന്റെ പായ മടക്കി 
പരസ്പരം മരിച്ചു 
എന്നുറപ്പ് വരുത്തി 
എഴുനേറ്റു പോകുന്നു ...
മേമ്പൊടിക്കായി ജീവിതം 
എന്നെഴുതിയ കൊടി പിടിച്ച്
ഒരു ജാഥക്ക് ഓരത്ത് കൂടി 
വാ മൂടിക്കെട്ടി 
മൌനമായി പോകാവുന്നതാണ്
ഇത്രേ ഉള്ളൂ കാര്യങ്ങള്‍ ..
9:50 AM

അവള്‍ എന്ന കവിത

അവള്‍ എന്ന കവിത 
അവള്‍ എന്നെ
കടുപ്പിച്ചു നോക്കി 
അടിച്ചു വാരുന്നു
തുടച്ചു നീക്കുന്നു
ചിറി കോട്ടി
കല്ലിലിട്ടു അലക്കി
കഴുകി ഉണക്കാനിടുന്നു
പിരാകി പറഞ്ഞ്
ഇസ്തിരിയിട്ട്
ചുരുള്‍ നിവര്‍ത്തുന്നു ...
പല്ലിറുമ്മി
അവളെന്നെ
കൊത്തിയരിയുന്നു
വേവിച്ച് കറിയാക്കുന്നു
കൊറുവുതീര്‍ന്നു
പൂണ്ടടക്കം പിടിച്ച്
നെറ്റിയില്‍ ഉമ്മ വക്കുന്നു
കതകുകള്‍ പഴുതടച്ച്
നിഴലും വെളിച്ചവും
ചേര്‍ത്ത് വയ്ക്കുന്നു
പുഞ്ചിരിച്ച്
ചില നേരങ്ങളില്‍
താരാട്ട് പാടി ഉറക്കുന്നു ..
അപ്പോള്‍ അവളെന്നെ
പെറ്റുപോകുന്നു
ഞാന്‍ അനാദിയായി
കരഞ്ഞു പോകുന്നു

Thursday, May 14, 2015

7:50 PM

കല്ലടിക്കോടന്റെ മാനസപുത്രന്‍

കല്ലടിക്കോടന്റെ മാനസപുത്രന്‍


മുണ്ടൂർ സേതുമാധവൻ 
1942 ഏപ്രിൽ 10-ന്‌ പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. അച്‌ഛൻഃ മാരാത്ത്‌ ഗോവിന്ദൻ നായർ. അമ്മഃ വാഴയിൽ ദേവകി അമ്മ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്‌. നിറങ്ങൾ, കലയുഗം, ഈ ജന്മം, മരണഗാഥ, അനസൂയയുടെ സ്വപ്‌നങ്ങൾ, ആകാശം എത്ര അകലെയാണ്‌, കേട്ടുവോ ആ നിലവിളി എന്നിവ കൃതികൾ. കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ്‌ എന്ന കൃതിക്ക്‌ മുണ്ടശ്ശേരി അവാർഡ്‌ ലഭിച്ചു.
മുണ്ടൂര്‍ സേതു മാധവന്‍

എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക് ...തന്റെ പതിനെട്ടു കഥകളുടെ സമാഹാരമായ മുണ്ടൂര്‍ എന്ന സമാഹാരം തന്നെ കഥാകൃത്ത് തന്റെ ദേശത്തിനു സമര്‍പ്പിക്കുകയാണ് .സേതുമാധവന്റെ കഥകള്‍ക്ക് മുണ്ടൂര്‍ വിട്ടു മറ്റൊരു വാക്കില്ല .എന്നെ സംബന്ധിച്ച് എന്റെ ഗ്രാമമാണ് എന്റെ ഇതിവൃത്തവും ഭാഷയും. ഏതു കഥാബീജത്തേയും വികസിപ്പിച്ചെടുക്കാന്‍ അവയെ ഞാന്‍ എനിക്കു വഴങ്ങിക്കിട്ടിയ എന്റെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നു. എന്റെ ഗ്രാമാന്തരീക്ഷം അനുവാചക മനസ്‌സില്‍ അയാളുടെ സ്വന്തം ജീവിതാന്തരീക്ഷമായി മാറിവരുമ്പോഴാണ് എന്റെ ഗ്രാമത്തിന് നിലനില്‍പ്പ് ലഭിക്കുന്നത് എന്നാണു കെ എന്‍ സുരേഷ് കുമാറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മാഷ്‌ തന്നെ പറയുന്നത് 
അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്സ് , ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി എന്നും തന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നും പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാമെന്നും കഥാകൃത്ത് അടിവരയിടുന്നു . പാലക്കാട്ടെ ഓരോ സമുദായത്തിനും സ്വന്തമായുള്ള  വാമൊഴി ശൈലികള്‍ തന്റെ  ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ഇതേ അഭിമുഖത്തില്‍ മാഷ്‌ തന്നെ സാഖ്യപ്പെടുത്തുന്നുണ്ട്  അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്എന്നും മാഷ്‌ കണ്ടെത്തുന്നു .

 മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. . മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം താന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് തന്നെ  കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം എന്നിങ്ങേന ആണ് കഥാകൃത്ത് തന്റെ ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്   അത്മു കൊണ്ട്ണ്ടൂ തന്നെ സേതുമാധവന്‍ മാഷിന്റെ കഥയിലെ മുണ്ടൂര്‍ ലോകത്തിലെ  ഓരോ ഗ്രാമത്തിന്റേയും പേരായി മാറുന്നു .

                    തന്നെ  സംബന്ധിച്ച് കുട്ടിക്കാലം മുതല്‍  വിടാതെ മോഹിപ്പിച്ച രണ്ടുമൂന്നു കൂട്ടുകാരേ പറ്റി അഭിമുഖത്തില്‍ മാഷ്‌ പറയുന്നുണ്ട് . ഇരുട്ട്, കല്ലടിക്കോടന്‍ മല, കാറ്റ് എന്നിവ വ്യക്തികളുടെ  സ്ഥാനം തന്നെയായി  തന്റെ കഥകളില്‍ വരുന്നതായി മാഷ്‌ പറയുന്നു . ഗ്രാമത്തിലെ തന്റെ  പഴയ വീട്ടിലെ ഉമ്മറക്കോലായില്‍ ഉറക്കം വരാതെ  കിടന്നിരുന്ന രാത്രികളില്‍ വടക്കുപുറത്ത് കൂട്ടിരിക്കുന്ന കല്ലടിക്കോടന്‍ മല . കാട്ടുതീ പടര്‍ന്നുപൊങ്ങുന്ന കല്ലടിക്കോട്. എല്ലാ വ്യഥകളും ഏറ്റുവാങ്ങി, മഞ്ഞിന്റെ കണ്ണീര്‍ പൊഴിക്കുന്ന കല്ലടിക്കോടന്‍. ഏതു വറുതിയിലും സാന്ത്വനമായി കാറ്റഴിച്ചുവിടുന്ന കല്ലടിക്കോടന്‍.തന്റെ  കഥകള്‍ക്ക് പുതിയ അര്‍ത്ഥവും ശക്തിയും നല്‍കാന്‍ ഈ പ്രതീകങ്ങള്‍ക്ക് ഏറെ സഹായകമായതായി മാഷ്‌ പറയുന്നു 

Thursday, May 7, 2015

7:24 AM

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു പ്രകാശ മലിനീകരണവും

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു
പ്രകാശ    മലിനീകരണവും 

ജലമലിനീകരണം വായുമലിനീകരണം മണ്ണ് മലിനീകരണം ശബ്ദ മലിനീകരണം എന്നീ പദ പ്രയോഗങ്ങളും അവസ്ഥകളും എല്ലാം സമൂഹത്തിനു ഇന്ന് പരിചിതമാണ് .സ്കൂള്‍ പുസ്തകങ്ങളില്‍ ഇവയെകുറിച്ചെല്ലാം കുട്ടികള്‍ പഠിച്ചു വരുന്നു .പലതരത്തില്‍ സമൂഹം ഇത് അനുഭവിച്ചും വരുന്നു .എന്നാല്‍ പ്രകാശ മലിനീകരണം എന്ന പദ പ്രയോഗവും അവസ്ഥയും നമുക്ക് താരതമ്യേന അപരിചിതമാണ് .അന്താരാഷ്‌ട്ര പ്രകാശ വര്‍ഷമായി ആചരിക്കുന്ന 2015 ല്‍ ആഗോളതലത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു .

എന്താണ് പ്രകാശ മലിനീകരണം

അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. പ്രപഞ്ചത്തിലെ നൈസർഗികമായ പ്രകാശം സൂര്യ പ്രകാശം ,അതിന്റെ പ്രതിഫലിത രൂപമായ നിലാവ് എന്നിവയാണ് . പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മനുഷ്യന്‍ ഉലപ്പെടെ ഉള്ള  ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു, ഇതാണ്  പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലം.
ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് .
മനുഷ്യരിലും ജീവികളിലും പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു.മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദനമൈഗ്രേൻഉറക്കക്കുറവ്,പൊണ്ണത്തടിപ്രമേഹം എന്നിവയും വന്നു ചേരുന്നു.ഭൂമിയില്‍ ധ്രുവ പ്രദേശങ്ങളില്‍ ഒഴികെ മറ്റു എല്ലായിടത്തും ഒരു ദിവസം എന്നാല്‍ രാവും പകലും കൂടിയത് ആണ്.ഇരുട്ടിനും വെളിച്ചത്തിനും വിധേയമായി ശാരീരികവും മാനസികവും വൈകാരികവും ആയി ഉണ്ടാകുന്ന വ്യതിയാന വിശേഷങ്ങള്‍ ആണ് സിര്കാര്ടിയന്‍ റിഥം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സ്ടീവാന്‍ ഹോക്ക്ലി  തന്റെ ബ്ലെന്ടെട് ബൈ ദ ലൈറ്റ് എന്ന കൃതിയില്‍  ഇതിന്റെ ദോശ വശങ്ങള്‍ പറയുന്നുണ്ട് .
       അമിതപ്രകാശവും കൃത്രിമ പ്രകാശവും  സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല.സസ്യങ്ങള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന പ്രകാശ സംശ്ലേഷണം  കൃത്രിമ വെളിച്ചത്തിലും  ചെയ്യാന്‍ ശ്രമിക്കുകയും തന്മൂലം സൂര്യ പ്രകാശത്തോട് അവക്കുള്ള പ്രതിപത്തി കുറയുകയും ചെയ്യും എന്ന് കാണിക്കപ്പെടുന്നു .
        ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില 
തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു.      ഡാർക്ക് സ്കൈ അസോസിയേഷൻ
           

    അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. .അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾറോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.








വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
             കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്. അമിതമായ വെളിച്ചം ഒരു മാലിന്യം ആണെന്ന് ഉള്ള ഭോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു .പരസ്യ ബോര്‍ഡുകള്‍ ,ജീവികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ കൃത്രിമ വെളിച്ചം നിയന്ത്രിക്കുക ,പൊതു പരിപാടികള്‍ കഴിയുന്നതും പകല്‍ ആക്കി മാറ്റുക എന്നിവയെല്ലാം ഇതിനു എതിരായി ചെയ്യാന്‍ സാധിക്കുന്നതാണ് .സോടിം വെപര്‍ വിളക്കുകള്‍ എല്‍ ഇ ദഡി, സി എഫ് എല്‍ ലേസര്‍ എന്നിവയെല്ലാം പ്രകാശ മലിനീകാരണം ഉണ്ടാക്കുന്നു .

Friday, April 24, 2015

9:05 PM

മുണ്ടൂരിലെ പാലക്കാട്


മുണ്ടൂരിലെ പാലക്കാട്



ഞാന്‍ എന്നോടു തന്നെ ചോദിക്കുകയാണ്.


''
നീ ഈ ദേശത്തെ സത്യമായിട്ടും സ്‌നേഹിക്കുന്നുണ്ടോ? ഉവ്വ് 

എന്നോ ഇല്ല എന്നോ പറയേണ്ടത്? അറിയുന്നില്ല.


കിഴക്ക് നായാടിക്കുന്ന്. തെക്ക് കൈയൊന്ന് ആഞ്ഞു നീട്ടിയാല്‍ 

ഇപ്പോള്‍ തൊടാം എന്ന മാതിരി വള്ളിക്കോടന്‍ മല. 

പടിഞ്ഞാറ് മുത്തംപാറക്കുന്ന്. വടക്ക് കല്ലടിക്കോടന്‍ മല. 

മുണ്ടൂരിനു ചുറ്റും വന്‍മതിലുയര്‍ത്തി പ്രകൃതി എന്നെ 

തടവിലിട്ടിരിക്കുകയാണ്.



എല്ലാം പിന്നിലേക്കു വലിച്ചെറിഞ്ഞ്, സ്മൃതികളടക്കം - കടന്നു 

പോകാന്‍ തോന്നാറുണ്ട്. പിന്നെതോന്നും പോയിട്ടെന്താ എന്ന്.


അങ്ങനെ പോകുന്നു.
.
മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി

1935 ജൂലായ്‌ 17ന് പാലക്കാട് മുണ്ടൂര്‍ അനുപുരത്ത് പിഷാരത്ത് ഗോവിന്ദ പിഷാരടി ,മാധവി പിഷാരസ്യാര്‍ എന്നിവരുടെ മകനായി ജനനം.പറളി ഹൈസ്കൂള്‍,പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ..അധ്യാപന ജോലിയില്‍ ചിറ്റൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്നും വിരമിച്ചു .നിലാപ്പിശുക്കുള്ള രാതിയില്‍ എന്നാ കഥാസമാഹാരത്തിനു 1996 ലെ ചെറുകാട് അവാര്‍ഡ്  ആശ്വാസത്തിന്റെ മന്ത്രച്ചരട്  എന്ന പുസ്തകത്തിനു 1997ലെ സാഹിത്യ അക്കാദമി പുരസ്കാരം എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2003 ലെ ഓടക്കുഴല്‍ അവാര്‍ഡ്  എന്നിവ നേടിയിട്ടുണ്ട് .ഏകാകി ,മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണത്തണുപ്പ് (നോവല്‍) എന്നെ വെറുതെ വിട്ടാലും ,മൂന്നാമതൊരാള്‍, കഥാപുരുഷന്‍, അവശേഷിപ്പിന്റെ പക്ഷി, അമ്മയ്ക്ക് വേണ്ടി, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തഴപ്പുകള്‍,ഒരു അധ്യാപകന്റെ ആത്മഗതങ്ങള്‍(കുറിപ്പുകള്‍) എന്നിവ മറ്റു കൃതികള്‍ .2005 ജൂണ്‍4 ന് മരണം .
           സാഹിത്യം കാല ദേശാന്തരമാണ്.എന്നിരിക്കിലും ദേശം , അതിന്റെ കാണാ വിത്തുകള്‍ ,മിത്തുകള്‍എന്നിവ എഴുത്തുകാരനെ അറിയാതെ പിന്തുടരും .അതാണ്‌  തന്നെ നട്ടുവളര്‍ത്തിയ നാടും എഴുത്തും എഴുത്തുകാരനും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം . വരികള്‍ക്കിടയിലെ ഈ നാട്ടുവരവ് ഒരിക്കലും കൃത്രിമം ആവില്ല .അതറിയാതെ പെയ്യുന്ന ചാറല്‍ മഴ പോലെ വന്നു പോകുകയാണ് . അത് തന്നെ ആകും എഴുത്തിന്റെ മൌലികതയും താളവും ഒഴുക്കും .മണ്ണിനോട് തന്നെ തന്നെ ചേര്‍ത്ത് നിര്‍ത്തുന്നതിലൂടെ ,അതിന്റെ തണുപ്പും ചൂടും മണവും ഹൃദയത്തിലേക്ക് ആവാഹിക്കുന്നതിലൂടെ തന്നെ ആണ് ഒരു എഴുത്തുകാരന്‍ തന്നെ തന്നെ രേഖപ്പെടുത്തുന്നത് .സ്ഥിര പരിചിതമായ ഭാഗങ്ങളില്‍ നിന്നും തന്നെ എഴുത്തിനുള്ള ഊര്‍ജം കണ്ടെത്തുക വഴി കാലത്തെയും അതിന്റെ ചിട്ടവട്ടങ്ങള്‍ , ചരിത്രം ,ഭൂമിശാസ്ത്രം ഇതിലൊക്കെ വന്ന മാറ്റങ്ങള്‍ എല്ലാം എഴുത്തില്‍ കൊണ്ടുവരാന്‍ എഴുത്തുകാരന് കഴിയുന്നു . സങ്കല്പ കഥാപാത്രങ്ങള്‍ക്ക് അപ്പുറംജീവിതത്തിന്റെ ഗന്ധം പേറുന്ന മനുഷ്യരെ എഴുത്തില്‍ ജീവിക്കാന്‍ വിടുന്ന സ്വാതന്ത്ര്യ ദാതാവായി എഴുത്തുകാരന്‍ പരിണാമപ്പെടുന്നു .കാലത്തെ അറിയാന്‍ സഹായിക്കുക എന്ന സാഹിത്യ ദൌത്യം നിറവേറ്റുന്നതു ആകുന്നു.

    
 മലയാളം അടയാളപ്പെടുത്തിയ കഥകളുടെ നാട്ടുകാരണവരായ  മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിമാഷ്‌ നടത്തിയ ആത്മഭാഷണത്തില്‍ തന്നെ തന്റെ നാട് എങ്ങിനെ തനിക്കു തടവും അതെ സമയം സ്വാതന്ത്ര്യവും ജീവിക്കാനുള്ള ഊര്‍ജവും തരുന്നു എന്ന് കാണിക്കുന്നു . തന്റെ ദേശം എത്രമേല്‍ വ്യക്തിപരമായി തന്നെ പിടിച്ചു നിര്‍ത്തുന്നു എന്നത് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലും പ്രകടമാണ് .

               
പാലക്കാടന്‍ കഥകള്‍ എന്ന് പറയാം എങ്കിലും പാലക്കാടിന്റെ ഇപ്പുറം വയലുകള്‍ താണ്ടി വേണം മുണ്ടൂര്‍ കഥകളുടെ കളപ്പുരയില്‍ എത്താന്‍ . പാലക്കാടന്‍ ഭാഷയായി ഇന്ന് വ്യവഹരിക്കപ്പെടുന്ന നീട്ടലും വലിക്കലും ഉള്ള ഭാഷ ഉപയോഗിക്കാതെ കുറച്ചു കൂടി കുലീനമായ ഭാഷയാണ്‌ മുണ്ടൂര്‍ കഥകളില്‍ .മുണ്ടൂര്‍ തന്നെ ആണ് കഥകളുടെ ദേശം .
  ഒരു മലയോരപ്രദേശമായ  മുണ്ടൂര്‍ എന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നു കണ്ടെത്താന്‍  ജനങ്ങളുടെ ജീവിതാവസ്ഥയും സാംസ്കാരികപഴമയും ഇഴപിരിച്ച് നോക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനങ്ങളനുസരിച്ച് ഈ സ്ഥലനാമത്തിന് ആധാരം രണ്ട് വസ്തുതകളാണ്. പഴയകാലം മുതല്‍ ഇവിടെ ഒരു വിഭാഗം ജനങ്ങളുടെ തൊഴില്‍ നെയ്ത്തായിരുന്നു. ഇവിടെ നെയ്യുന്ന വസ്ത്രങ്ങള്‍ അയല്‍ ഗ്രാമങ്ങളില്‍ വില്‍ക്കുകയും അയല്‍ ഗ്രാമക്കാര്‍ വസ്ത്രങ്ങള്‍ക്കായി മാത്രം ഇവിടെ വരികയും ചെയ്തിരുന്ന ഒരു സ്ഥിതിവിശേഷം ഇങ്ങനെയൊരു സ്ഥലനാമം ഉണ്ടാകാന്‍കാരണമായിട്ടുണ്ടാവാം.കഥകളുടെ നെയ്ത്തുശാലയും  അങ്ങിനെ ആണ് പിറന്നത് . വാക്കുകളുടെ ഇഴയടുപ്പം അത്രത്തോളം ഉണ്ടല്ലോ മുണ്ടൂര്‍ കഥകളില്‍ .

കഥകളില്‍ വന്നു പോകുന്ന വയല്‍, കളം ,പഴയ കാല നാലുകെട്ടുകള്‍ ,പത്തായപ്പുരകള്‍, തെക്കിനിപ്പുര ,അമ്പലക്കുക്കുളം ,ഭഗവതി ,ആലിന്‍ ചുവടുകള്‍ എല്ലാം,എല്ലാം ഗ്രാമീണതയോടൊപ്പം നിലനിന്ന കുലീനതയും  കത്ത് സൂക്ഷിക്കുന്നു .പുരാതനമായ മണം, മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങിക്കിടന്നു ,പത്തായ പുരയുടെ വാതില്‍ കരഞ്ഞു തുറന്നു ,അമ്പലക്കുളത്തില്‍ കുളിച്ചു ഈറനോടെ സന്നിധിയില്‍ ,കരുവാളിച്ചു കിടക്കുന്ന അന്തി ,തെക്കിനിയില്‍ കിഴക്കോട്ടു ഇരുന്നു നമശിവായ ചൊല്ലുന്ന മുത്തശി തുടങ്ങി മൂന്നാമതൊരാള്‍ എന്ന കഥ മാത്രം എടുത്താല്‍ മുണ്ടൂര്‍ കുടഞ്ഞിടുന്ന ദേശത്തിന്റെ വാക്ക് വിത്തുകള്‍ ഏറെ .
                    


ഒരു അഭിമുഖത്തില്‍ കഥാപാത്രങ്ങപലപ്പോഴും എന്റെ ഈശ്വരാ... ദൈവമേ.... എന്നിങ്ങനെ ആവത്തിക്കുന്നുണ്ടല്ലോ. ഈശ്വരനി അത്താണി കണ്ടെത്തുന്ന ഒരു മനസ്സാണോ മാഷിലും എന്നാ ചോദ്യത്തിനു  എന്റെ ഈശ്വരാപ്രയോഗങ്ങക്ക്‌ അയ്യോഎന്നാണ്‌ പരമാത്ഥത്തിത്ഥം. എനിക്ക്‌ ഈശ്വരനി വിശ്വസിക്കാ സാധിക്കുന്നില്ലല്ലോ എന്നതാണ്‌ എന്റെ സങ്കടം. പക്ഷെ പുനജന്മത്തിവിശ്വസിക്കാ സാധിക്കുന്നില്ലെങ്കിലും എന്തൊക്കെയോ സ്വാധീനങ്ങപാരസ്‌പര്യം കൊണ്ടുംമറ്റും നമുക്കുണ്ടാവുന്നുണ്ട്‌. അതുകൊണ്ടാണല്ലോ അമ്മിണിയേടത്തി (മാഷടെ സഹോദരി) മരിച്ചുപോയിട്ടും അവഇവിടെ വിട്ടുപോയ ഭക്തിചിഹ്‌നങ്ങ ഒന്നും എനിക്കു മാറ്റാകഴിയാത്തത്‌.


തൊട്ടടുത്ത ശിവക്ഷേത്രത്തിപൂജമുടങ്ങിയാ അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. മനസ്സിന്റെ ഇത്തരം വൈരുദ്ധ്യം നിറഞ്ഞ സമസ്യക എന്റെ കഥയിലേക്ക്‌ പലപ്പോഴും വളക്കൂറായിതീരുന്നു. അതുകൊണ്ട്‌ ഞാ അയ്യോഎന്ന അത്ഥത്തി ദൈവമേഎന്നും തേവരേഎന്നും വിളിച്ചുപോവുന്നു...ഇതാണ് സാധാരണ നാട്ടിന്‍ പുരത്തുകാരന്റെ മനസ്സ് .മുണ്ടൂര്‍ എന്നോ പാലക്കാട് എന്നോ വിളിച്ചാലും ആ ഭൂമികയുടെ മനസ്സ് . ദൈവം എന്ന അത്താണിയും  ക്ഷേത്രങ്ങളും മനസ്സില്‍ കൊണ്ട് നടക്കുന്ന നന്മകള്‍ ആയി കണക്കാക്കുന്ന എഴുത്തുകാരന്റെ മനസ്സ് .

ഉറക്കമില്ലാത്ത രാത്രി നീളുമ്പോള്‍, മലര്‍ന്നു കിടക്കുന്ന എന്റെ മാറില്‍ ചൂടുള്ള കണ്ണീര്‍ വീഴുന്നു.

എനിക്ക് സുഖാവില്യേ ഏട്ടാ?

നിനക്കതിന് അസുഖോന്നുല്യാലോ കുട്ടീ.

എന്റെ കൈ ആ തലമുടി തലോടി. പുറം തലോടി.


എന്നാലും എന്റെ മാറത്തെ പിടപ്പ് ഇപ്പോഴും മാറീട്ടില്ലല്ലോ. ഏട്ടാ..

(മൂന്നാമതൊരാള്‍)....ഇതിലെ  സുഖാവില്യേ ഏട്ടാ?അസുഖോന്നുല്യാലോ കുട്ടീ. എന്നീ വാക്യങ്ങള്‍

എടുത്താല്‍  അന്നത്തെ തറവാടുകളില്‍ ഉപയോഗിച്ചിരുന്ന ഭാഷ ആണെന്ന് കാണാം .അതായത്  

ശുദ്ധ ഗ്രാമീണരുടെയും അടിസ്ഥാന വര്‍ഗത്തില്‍ പെട്ടവരുടേയും ഭാഷ മാത്രം അല്ല അതിനു മേലെ ഉള്ള വരുടെ ഭാഷയും  മാഷിന് വഴങ്ങുന്നു  .അധ്യാപനത്തിലൂടെ സ്വായത്തമാക്കിയ സംവേദന രീതികള്‍ മാഷിനെ സ്വാധീനിച്ചിട്ടുണ്ട് .എന്ന് കാണാം .മൌനത്തില്‍ ഊന്നിയ വാചാലത യാണ് 

പല നാട്ടു കാഴ്ചകളും .അത് തന്നെ ആണ് കഥന ശൈലിയും .ഞാനും അയാളും മാഷിന്റെ കുറെ ഏറെ കഥകളില്‍ വരുന്ന കഥാപാത്രങ്ങള്‍ ആണ് .ഈ അയാള്‍ തന്നില്‍ നിന്നും മാറി തന്നെതന്നെ ,സമൂഹത്തെ തന്നെ നോക്കുന്ന ഒരാള്‍ ആണെന്ന് കാണാം . ഇങ്ങിനെ ഒരാള്‍ മിക്കവാറും എല്ലാ ഗ്രാമത്തിലും കാണും .ഒരു നിഷ്പക്ഷന്‍ .കാല്പനികതയുടെ മാമ്പൂ മണം എന്നൊക്കെ പറയാം എങ്കിലും അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നു പറച്ചിലുകള്‍ തന്നെയാണ് മാഷിന്റെ കഥകള്‍
ഭഗവതി എന്ന അച്ചടി ഭാഷ വിട്ടു മുണ്ടൂര്‍ ഹൃദയത്തോട് ചേര്‍ത്ത് ദേശക്കാര്‍ വിളിക്കുന്ന ഭഗോതി എന്ന വാക്കെടുക്കുന്നു .കാല്‍ എരടി പൊട്ടും , സമയമില്ല എന്നതിന് പകരം സമയല്യ ,എന്താണെന്ന് വച്ചാല്‍ എന്നതിന് പകരം എന്താച്ചാ ,എന്തിനാ ഇത്ര എന്നതിന് പകരം ന്തിനാത്ര  എന്നിങ്ങനെ അക്കാലത്തെ ഇടത്തരക്കാരോ ,സമ്പന്നരോ ആയ മുണ്ടൂര്‍ തരവാട്ടുകളിലെ ഭാഷയാണ്‌ കഥാകാരന്‍ ഉപയോഗിക്കുന്നത് .

           
മുണ്ടൂര്‍ തന്നെ ഒരിക്കല്‍ പറഞ്ഞത് കടം എടുത്താല്‍ അദ്ദേഹത്തെ എഴുത്തിലേക്ക്‌ അടുപ്പിച്ചത്  ,രൂപപ്പെടുത്തിയത്  അക്കാലത്തെ സാമൂഹ്യ ജീവിതം തന്നെ ആണ് ,കഥകളി ഭ്രമം ഉള്ള അമ്മാവന്‍ , നടുമിറ്റത്ത് നടക്കാറുള്ള തിരുവാതിരക്കളി ,നാട്ടിലെ വായനശാല എന്നിവയൊക്കെ കുട്ടിക്കാലത്ത് തന്നെ തന്നെ ദേശത്തെ ഹൃദയത്തോടൊപ്പം അലിയിച്ചു വക്കാന്‍ കാരണമായതായി മാഷ്‌ തന്നെ പറയുന്നുണ്ട് . മരുമക്കത്തായ സമ്പ്രദായം നില നിന്നിരുന്ന തറവാടുകള്‍ ആണ് മുണ്ടൂര്‍ കഥയിലെ ഇടങ്ങള്‍ .അമ്മാവനെ കാത്ത് ഇരിക്കുന്ന മറ്റു അംഗങ്ങള്‍ .അവരുടെ വികാരങ്ങള്‍ എല്ലാം കഥാകാരന്‍ പറയാതെ പറയുന്നു എവിടെയോ തോര്‍ന്നു തീരുന്നു എന്ന കഥയിലെ പേരില്ലാത്ത വൃദ്ധന്‍ തനി മുണ്ടൂര്‍ മട്ടുകാരനാണ് .ചാളയുടെ ഇറയത്ത്‌ കരിയും നുകവും മഴ കാത്തു കിടക്കുന്നത് ഒരു നാട്ടു കൃഷിക്കാരന്റെ മനസ്സാണ് .ചെവിക്കു പിറകില്‍ കൈത്തലം കുമ്പിള്‍ ആക്കി വച്ച് മഴയ്ക്ക് ചെവിയോര്‍ക്കുന്ന വൃദ്ധന്‍ ആ ചിത്രം ഒന്ന് കൂടി ഉറപ്പിക്കുന്നു .
  ചപ്പിലകള്‍ക്കിടയില്‍ എന്ന കഥയില്‍  പാലക്കാടിന്റെ ,മുണ്ടൂരിന്റെ തനത് ബിംബമായ നാട്ടു കള്ളുഷാപ്പ് കടന്നു വരുന്നുണ്ട് .കരിമ്പനയും ചെത്തും കുലത്തൊഴില്‍ പോലും ആയിട്ടുള്ള ഗ്രാമം .ആ ചിത്രം പോലും മാഷിന്റെ കഥയില്‍ വരച്ചിടുന്നുണ്ട് .
  സ്വയം പ്രഭയുടെ കല്യാണം എന്ന കഥയില്‍ മുണ്ടൂരിന്റെ പ്രാദേശിക രാഷ്ട്രീയ ചരിത്രം ഉണ്ട്. പാട്ടക്കുടിയാന്‍ ആയിരുന്ന വേലാണ്ടി കര്‍ഷക സംഘത്തിന്റെ പ്രാദേശിക സെക്രട്ടറിയായി മാറുന്ന കഥ .ഭൂനിയമം വന്നപ്പോള്‍ കൂടുതല്‍ വെളുത്ത വേലാണ്ടിയുടെ കഥ .ആഭിജാത്യത്തിന്റെ പേരില്‍ കര്‍ഷകസംഘത്ത്തില്‍ നിന്നും രാജി വയ്ക്കുന്ന വേലാണ്ടി ഒരു കാലത്തിന്റെ മാറ്റത്തിന്റെ ചിത്രം ആകുന്നു .പാലക്കാടിന്റെ ഗതി തിരിച്ച പുത്തന്‍ പണക്കാരുടെ ചിത്രം ആയി മാറുന്നു .മാഷ്‌ പൊതുവേ കമ്മുനിസ്റ്റ്‌ പക്ഷത്ത് ആണെങ്കിലും ,അതിന്റെ പുറത്ത് നിന്ന് രാഷ്ട്രീയത്തെ നോക്കുന്ന മൂന്നാമത്തെ ആളായി മാറുന്ന ദൃശ്യം .നടപ്പുഭൂമി ജന്മമായുള്ള വീട്ടുകാരിലും അപ്പുറം വളര്‍ന്ന പാട്ടക്കുടിയാന്റെ കഥ , പണം ഒരാളുടെ രാഷ്ട്രീയത്തെ എങ്ങിനെ മാറ്റുന്നു എന്ന ദൃശ്യം എന്നിവയെല്ലാം നാടിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് .
  
       കുടമുല്ലശ്ശേരി എന്ന ഗ്രാമപ്പെരില്‍ നിന്നും സമ്മര്‍ കോട്ടേജ് എന്ന നഗര ഭാവനത്തിലെക്കുള്ള വളര്‍ച്ചയാണ് ദാര്‍ശനിക ദുഃഖം മൂലം എന്ന കഥ .പരിഷ്കാരം ഗ്രാമത്തെ തള്ളി പറയുന്നതിന് മാഷ്‌ സാക്ഷിയാവുകയാണ് .സ്റ്റാറ്റസ് എന്ന പീഡയുടെ നൈരന്തര്യം നമശിവായ ചൊല്ലല്‍ ,അന്തിത്തിരി കത്തിക്കല്‍ ,,എന്നിവയില്‍ നിന്നും ഗ്രാമാന്തരീക്ഷത്തില്‍ ജീവിച്ച ദമ്പതികളെ എങ്ങിനെ ബാധിക്കുന്നു എന്നുള്ള ചിത്രം .വേഷത്തിലും ഭാവത്തിലും താന്‍ ജീവിക്കുന്ന ദേശത്ത് വരുന്ന മാറ്റങ്ങള്‍ .വൈകുന്നേരങ്ങളില്‍ നമശിവായ ക്ക് പകരം ഇംഗ്ലീഷ് പദ്യങ്ങള്‍ മലയാളം അധ്യാപകര്‍ കൂടിയായ ദമ്പതികളുടെ സമ്മര്‍ കൊട്ടെജില്‍ നിന്നുയരുന്നത് മാഷ്‌ ദേശത്തിനു നേരെ പിടിച്ച കണ്ണാടിയാകുന്നു .ഈ കഥ പിറക്കുമ്പോള്‍ ഒരു പക്ഷെ വിരലില്‍ എണ്ണാവുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉണ്ടായിരുന്നു എങ്കില്‍ ഇന്നത്തെ എണ്ണം വലുതാണെന്ന് ആലോചിക്കുമ്പോള്‍ ആണ് ദേശത്തിന്റെ പരിണാമത്തിന്റെ പ്രവചനം മാഷ്‌ വരികളില്‍ കുറിച്ചിടുന്നത് മനസ്സിലാവുക .
     പാവപ്പെട്ടവര്‍ ,ഇടത്തരക്കാര്‍ ,പണക്കാര്‍ ,പോലീസ് പത്രം രാഷ്ട്രീയക്കാര്‍ എന്നിവയെ പലാകാടന്‍ ശൈലിയില്‍ വിചാരണ ചെയ്യുന്നതാണ് നല്ലപ്പ കൌന്ടരുടെ കഥ .അതിന്റെ ഭൂമികയാവുന്നത് കരിമ്പ് തോട്ടമാണ് .മുണ്ടോരില്‍ അത്ര പതിവില്ലെങ്കിലും കിഴക്കന്‍ പാലക്കാടില്‍ കരിമ്പ് തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലിയിലുള്ള ചൂഷണം ചോദ്യം ചെയ്യപ്പെടുന്നു .ഇവിടെ മുതലാളി പറയുന്ന ഭാഷ തൊഴിലാളികള്‍ക്ക് മനസ്സിലാവുന്നില്ല എന്നത് അന്നും ഇന്നും വാസ്തവമാണ് .,ഇവിടെ നാട്ടു വിപ്ലവ കാരികള്‍ എങ്ങിനെ ജനിക്കുന്നു എന്നത് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മാഷ്‌ വരച്ചിടുന്നു . മുണ്ടൂരിനെയും  കോങ്ങാടിനെയും ഒരു സമയത്ത് വിറപ്പിച്ച നക്സല്‍ പ്രസ്ഥാനം ,നായകനായ മുണ്ടൂര്‍ രാവുണ്ണി ,നക്സലുകളെ സമൂഹം എങ്ങിനെ വേട്ടയാടി എന്നതൊക്കെ അദൃശ്യ സാന്നിധ്യമായി വെളിപ്പെടുന്നുണ്ട് . മാധ്യമ രംഗത്ത് വന്ന അപചയത്തെ കൂടി മാഷ്‌ വരച്ചിടുന്നു .
ഇന്ന് പുറത്തിറങ്ങണ്ട എന്ന കഥയിലും ഈ നക്സല്‍ കടന്നു വരുന്നുണ്ട് .1972 ല്‍ കഥയിലെ മാഷിന്റെ വീട്ടില്‍ മൂന്ന് രാത്രിയും പകലും ഒളിവില്‍ കഴിഞ്ഞ നാരായണദാസ് എന്ന ആളായി .പഴയ കാല പാലക്കാടന്‍ ഗ്രാമങ്ങളിലെ നിറ സാന്നിധ്യമായ പറങ്കി മാവിന്‍ കാട് ഇവിടെയും കഥയുടെ ഭൂമികയാകുന്നുണ്ട് .
   മുഴുമിക്കാത്ത മറുപടി  എന്ന കഥ നക്സല്‍ നേതാവ് രാവുണ്ണിക്കുള്ള സമര്‍പ്പണമാണ് മുണ്ടൂരിനു അടുത്ത് കോങ്ങാട് ഗ്രാമത്തില്‍ ഒരു ജന്മി നക്സല്‍ ആക്രമണത്തിനു ഇരയാവുന്നു .മുണ്ടൂരില്‍ നിന്നും സംശയം തോന്നിയവരെ ഒക്കെ പോലീസ് പിടിച്ചു കൊണ്ട് പോവുന്നു .രാവുണ്ണി ഒളിവില്‍ ആണ് . കഥയിലെ എ പി മാഷ്‌ തന്നെ ആണ് .രാവുണ്ണി അടുത്ത സുഹൃത്തും .ഏതു നിമിഷവും രാവുണ്ണി പടിഞ്ഞാറേ തൊടിയിലെ ചപ്പിലകളെ ഞെരിക്കുന്ന ശബ്ദവുമായി കടന്നു വരാം .രാവുണ്ണിയെ കൊള്ളാനും വയ്യ തള്ളാനും വയ്യ .ഈ സന്ദേഹത്തില്‍ എ പി യുടെ ഉറക്കം നഷ്ടപ്പെടുന്നു .ഇത് മാഷ്‌ മാത്രം ആവില്ല .അക്കാലത്തെ മുണ്ടൂര്‍ ക്കാരില്‍ ഏറെ പേര്‍ അനുഭവിച്ച സന്ദേഹം .
ഇമ വെട്ടാതെ ഒരു ഇടംകണ്ണും നക്സല്‍ കഥയാണ് .ആരും വരുന്നില്ല എല്ലാരും പോയി കൊണ്ടിരിക്കുകയാണ് എന്ന നിരാശ പേറുന്ന നക്സല്‍ ജയകൃഷ്ണന്‍ .മുന്‍കാല സഹ പ്രവര്‍ത്തകര്‍ ഒക്കെയും ജീവിതത്തിലേക്ക് തിരിച്ചു പോകുന്നത് ഒരു വേള താന്‍ തന്നെയും പോകുന്നത് ഇമവെട്ടാതെ നോക്കി കൊണ്ടിരിക്കുന്ന ഇടം കണ്ണുള്ള നക്സല്‍ .ഒളിത്താവളത്തില്‍ നിന്നും പഴയകാല സഹപ്രവര്‍ത്തകനെ വെറുതെ വല്ലാത്തൊരു വെറുതെ കാണാന്‍ എത്തുന്ന സഹ സഖാവ് . കൂട്ടുക്കാരനില്‍ കാലം വരുത്തിയ മാറ്റം കണ്ടു പകച്ചിരിക്കുന്ന സഖാവ് .ഒടുക്കം തീവണ്ടിപ്പാളത്തില്‍ തിരിച്ചറിയപ്പെടാതെ മരിക്കുന്ന സഖാവ്. മുണ്ടൂരിലെ കഥാകാരന്റെ മനസ്സില്‍ നക്സലുകള്‍ അങ്ങിനെ ഒരു പാട് .
           മുണ്ടൂര്‍ ,കോങ്ങാട് ഗ്രാമങ്ങളുടെ ജീവനാണ് കുമ്മാട്ടി .കുമ്മാട്ടിയൂരമ്മ സാക്ഷി എന്ന കഥയില്‍ മാഷ്‌ അത് പറയുന്നു . സമൂഹത്തിലെ തിന്മകള്‍ ചാക്രികമായി ആവര്‍ത്തിക്കുന്നത് കുമ്മാട്ടി കാവിലെ ഉത്സവത്തോട് ബന്ധപ്പെടുത്തി കഥയാകുന്നു .കള്ളിന്റെ തെമ്പും റബ്ബറിന്റെ തണ്ടും എന്ന പ്രയോഗം പാലക്കാടിന്റെ സാമൂഹ്യ വ്യവസ്ഥയെ കാണിക്കുന്നു . കള്ളുകച്ചവടക്കാരന്‍  മുതലാളി ,കുടിയേറ്റ കര്‍ഷകന്‍ ആയ റബ്ബര്‍ മുതലാളി ഇവരുടെ ഇടയില്‍ പെട്ട് ആരും ഇല്ലാത്തവന്‍ ആയി മാറുന്ന അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ .അക്കാലത്തെ ഗ്രാമങ്ങളുടെ ചിത്രമാണ് ഇത്
മുണ്ടൂരിലെ ഒരു പരിചിത ഗ്രാമം ആയ കിഴക്കുമുറിയിലെ കോമ്രേഡ് അപ്പുണ്യര് എന്ന കഥയിലും വിശ്വാസത്തെയും കമ്മുനിസത്തെയും  മാഷ്‌ വിചാരണ ചെയ്യുന്നുണ്ട് . കോമരം തുള്ളല്‍ ,വാളിന്മേല്‍ പണം വയ്ക്കല്‍ തുടങ്ങിയ ദേശ ആചാരങ്ങള്‍ ,അന്ധവിശ്വാസങ്ങള്‍ എന്നിവ കമ്മുനിസ്റ്റ്‌ ആശയങ്ങള്‍ക്ക് വിരുദ്ധമല്ലേ ? എന്ന എന്ന ചോദ്യത്തിനു കുമ്മാട്ടി ഈ ദേശത്തിന്റെ മുഴുവന്‍ മോഹവും ആശ്വാസവുമാണ് അത് മനസ്സിലാക്കാതെ മാറി നില്‍ക്കുന്നവര്‍ ആദര്‍ശങ്ങള്‍ക്ക് ചോരയോട്ടാവുമുന്ടെന്നു അറിയാത്തവരാണ് എന്ന് തന്നിലെ തന്നോട് മാഷ്‌ ഉത്തരവും പറയുന്നുണ്ട് .കോമര കാലത്തേക്ക്  എന്ന കഥയിലും നാടിന്റെ നാടിയായി കോമരം കടന്നു വരുന്നുണ്ട് .
ദേവിയുടെ ഉപാസനകള്‍ എന്ന കഥയില്‍ കമ്മുനിസ്റ്റ്‌ ആയ ഗോവിന്ദന്‍ നായര്‍ താന്‍ കമ്മുനിസ്റ്റ്‌ ആയത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്നും സമര ഘട്ടങ്ങളില്‍ തന്റെ ഉള്ളില്‍ ചാന്താടുന്ന ഭഗവതി ആണ് കുടി കൊണ്ടത് എന്നും വെളിപ്പെടുന്നു .എന്റെ പാലക്കീഴിലമ്മേ എന്നെ കമ്മുനിസ്റ്റ്‌ ആക്കി തരണേ ദൈവ വിശ്വാസമില്ലാതാക്കി തരണേ ദേവീ എന്ന് പ്രാര്‍ഥിക്കുന്ന പിഷാരടി വിശ്വാസത്തിന്റെയും മാര്‍ക്സിസത്തിന്റെയും ഇടയില്‍ പെടുന്ന കേവല ജീവിതങ്ങളെ കാണിക്കുന്നു .തന്നിഷ്ടത്തിന്റെ വഴിത്തഴപ്പുകള്‍ എന്ന കഥയില്‍ ദേശം കമ്മുനിസ്റ്റ്‌ ആകുന്ന രംഗം ഇങ്ങിനെ ആണ് മാഷ്‌ അവതരിപ്പിക്കുന്നത് .രാവിലെ രാഹുകാലത്തിനു മുമ്പ് എല്ലാവരും അമ്പല മുറ്റത്ത് കൂടി .കുളത്തില്‍ മുങ്ങിക്കുളിച്ചു .ഭഗോതിയുടെ മുന്നില്‍ ചെന്ന് സമ്മതം വാങ്ങി ...ഭഗോതിയെ സാക്ഷി നിര്‍ത്തി ഞാന്‍ എന്റെ കുടുംബാംഗങ്ങളോടൊപ്പം ഇന്ന് മുതല്‍ കമ്മുനിസ്റ്റ്‌ ആയിരിക്കുന്നു എന്നാണ്. .വിശ്വാസവും മാര്‍ക്സിസവും കൂടിക്കുഴഞ്ഞ മിശ്രിതമാണ് മുണ്ടൂരിന്റെ രാഷ്ട്രീയം .ഇന്നും മുണ്ടൂരില്‍ കുമ്മാട്ടിയും,കോമരം തുള്ളലും  നടക്കുന്നു .കമ്മുണിസവും സജീവം . ദേശത്തിന്റെ ജീവനോട്‌ ആദര്‍ശങ്ങള്‍ സമരസ പെടണം എന്നതില്‍ മാഷിന്റെ പ്രവചനം സത്യമായ കാലം

         ചില കഥകള്‍ കൃത്യം ചരിത്രം ആണ് .ഒലവക്കോട് വഴി തീവണ്ടി ഓടിത്തുടങ്ങിയിട്ടില്ലാത്ത്ത കാലം .പാതയുടെ പണി നടക്കുന്ന കാലം..പാലക്കാട് കോട്ടയ്ക്കു സമീപം താമസിക്കുന്ന ഗോര്‍ഡന്‍ സായ്പിന്റെ ഭാര്യയെ സ്വീകരിക്കാന്‍ കോയന്പത്തൂര്‍ വരെ പോകേണ്ടി വരുന്നു .ശേഷം യാത്ര കുതിര വണ്ടിയില്‍ ..വലിയ നിഗൂഡതയായ വാളയാര്‍ കാട് .ഹൈദരലിയുടെ കുതിര പട്ടാളത്തിനു കടന്നു പോകാന്‍ വെട്ടിയെടുത്ത പാത എന്നിങ്ങനെ പാലക്കാട്ടെ ടിപ്പുസുല്‍ത്താന്റെ അധിനിവേശം വരെ കഥയില്‍ വരുന്നു .പാലക്കാടിന്റെ പനങ്കള്ളിന്റെ രുചി ,കരിന്പനക്കാട്,പരുവ ,മഞ്ഞരളി, പാലക്കാട് എന്ന സ്ഥല നാമം തന്നെ നല്‍കിയ പാലക്കൂട്ടം ,ചേരുമരങ്ങള്‍ ,കല്‍പ്പാത്തിപ്പുഴ ,ധോണി മല ,മാട്ടുവണ്ടി, പൊറാട്ട് നാടകം തുടങ്ങി മദാമ്മയെ മയക്കിയ കണ്ടുണ്ണി വരെ പാലക്കാടിന്റെ ഭൂമിശാസ്ത്രം ആകുന്നുണ്ടിവിടെ .കഥയുടെ ഒടുക്കം ശോക പര്യവസായി ആയെങ്കില്‍ പോലും .. സുല്‍ത്താന്‍ പേട്ടയില്‍ എത്തിയില്ലേ? എന്ന കഥയും പാലക്കാടന്‍ കോട്ടയെ രേഖപ്പെടുത്തുന്ന കഥയാണ് .കുംഭം കഴിഞ്ഞു ഏറെയായി എന്ന കഥയില് ഇതിഹാസം പിറന്ന ഖസാക്കും ഒ വി വിജയനും വരെ കടന്നു വരുന്നു . വേലാണ്ടിയുടെ തങ്ക പാലക്കാടിനും കോങ്ങാടിനും ഇടക്കുള്ള ബ്രിട്ടിഷ് ബംഗ്ലാവിനെ കഥയാക്കുന്നു .
  ചരിത്രത്തിന്റെ സത്യവഴികള്‍ എന്ന കഥയില്‍ മഹാത്മാ ഗാന്ധി ഒലവക്കോട് വന്നിറങ്ങി അകത്തെതറ ശബരി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയത് കഥയില്‍ കടന്നു വരുന്നുണ്ട്
. എന്റെ കളികള്‍ എന്ന കഥയില്‍ ശബരി ആശ്രമത്തിന്റെ സ്ഥാപകനായ കൃഷ്ണ സ്വാമി അയ്യരെ  പറ്റി പറയുന്നു ,ഹരിജന്‍ എന്ന വാക്ക് പോലും പ്രചാരത്തില്‍ ആവുന്നതിനു മുമ്പ് തന്നെ അധസ്ഥിതരുടെ ഉന്നമനത്തിനായി കൃഷ്ണ സ്വാമി പ്രവര്‍ത്തിച്ചിരുന്ന ചരിത്രം .
   പുലി പിടിച്ചിരിക്കും എന്ന കഥ ടിപ്പുവിന്റെ സൈന്യത്തിലെ ഒരു ഭടന്‍ ആയിരുന്ന ലിയാഖത്തിനെ കുറിച്ചാണ്..അയാളും പാടത്ത് പണിയെടുക്കുന്ന നീലി എന്ന പെണ്ണുമായുള്ള അനുരാഗത്തിന്റെ കഥയാണ് .

        ശങ്കുണ്ണിയുടെ യോഗം എന്ന കഥ  മുണ്ടൂരിന്റെ പരിസ്ഥിതി കഥയാണ് .കുമ്മാട്ടിയൂരിലെ കാട് വെട്ടി  വരാന്‍ പോകുന്ന പുതിയ വ്യവസായ പദ്ധതി .കാട് വേണോ  വികസനം വേണോ എന്ന മാനസിക സംഘര്‍ഷം ഉള്ള ദേശക്കാര്‍ .ചോദിക്കാനും പറയാനും ആളില്ലതാകുന്നതോടെ കാടിനെ വഹിച്ചു മലയിറങ്ങുന്ന ലോറികള്‍ ..ചൂഷണക്കാരുടെ ആയുധമായി കാട് പോയാലും വികസനം വരണം എന്ന് പ്രസംഗിച്ച ശങ്കുണ്ണി .അവസാനം മരം വെട്ടുകാര്‍ക്കെതിരെ തിരിഞ്ഞു ഇല്ലാതായി പോകുന്ന  കഥ . വാണിജ്യവത്കരണം ഗ്രാമങ്ങളെ പ്രകൃതിയെ എങ്ങിനെ തിരിച്ചെടുപ്പില്ലാതെ നശിപ്പിക്കും എന്ന കഥ പാലക്കാടിന്റെത് തന്നെയെന്നു നിറഞ്ഞു വിളഞ്ഞ വയലുകള്‍ നികത്തപ്പെട്ടു കെട്ടിടങ്ങള്‍ ആയി പരിണമിച്ച ഇന്നത്തെ പാലക്കാടിനെ നോക്കുന്നവര്‍ക്ക് നിസ്സംശയം പറയാം .നിലാപ്പിശുക്കുള്ള രാത്രിയും ഇതേ കഥ പറയുന്നുണ്ട് .തൊടിയിലെ ചന്ദനമരം വെട്ടാന്‍ വരുന്നവരോട് എതിരിടാന്‍ പോയ മകന്റെ കരച്ചില്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത മാതാപിതാക്കള്‍ .പഴയ കാല കള്ളന്മാര്‍ വീട്ടുകാരന്റെ ഒരു ചുമ കേട്ടാല്‍ ഓടിപ്പോകുമായിരുന്നവര്‍ ,ഇന്നോ വീട്ടുകാരന്റെ ഉയിരെടുത്തും മോഷണം നടത്തുന്നവര്‍ ,ഈര്ന്നിട്ട മരത്തിന്റെ അവസാന ചുമട്ടുകാരന്‍ ആയി മാറേണ്ടി വരുന്ന മകന്‍ ..മരത്തോടൊപ്പം തൈലമാകാന്‍ വാ പൊളിച്ചു നില്‍ക്കുന്ന യന്ത്രത്തിന്റെ ഉള്ളിലേക്ക് കയറി പോകേണ്ടി വരുന്ന മകന്‍ ...
       പാലക്കാടന്‍ ഗ്രാമങ്ങളുടെ പഴയ കാല വിശ്വാസങ്ങള്‍ ആണ് ഒടിയന്‍ ,ഒടിയന്‍ വെട്ട്,മാട്ടും മാരണവും ,പാലച്ചോട്ടിലെ യക്ഷിയും കാരമൂര്ത്തിയുടെ മാട്ടും..ഇതെല്ലാം വരുന്നതാണ് ദയാലുവിന്റെ വിശ്ശ്വാസങ്ങള്‍ എന്ന കഥ .ഓരോ ഗ്രാമക്ഷേത്രവും അതിലെ കോമരവും എല്ലാം ദേശവുമായി അത്രയേറെ ഇഴുകി ചേര്‍ന്നതാണ് .
  

   മുണ്ടൂരിന്റെ ഏതു മുക്കട്ടയില്‍ ചെന്നാലും കാണാവുന്നതായിരുന്നു ഓല മേഞ്ഞ ചായക്കടകള്‍ .രാഷ്ട്രീയവും ജീവിതവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കേന്ദ്രങ്ങള്‍ .അത്തരം ഒരു ചായക്കട വച്ച് തൊട്ടുകൂടയ്മയുടെ നേരെ ആദ്യ അമ്പ്‌ എയ്ത മാഷ്‌ കഥ അവസാനിപ്പിക്കുമ്പോള്‍ നാട്ടുകടകള്‍ എങ്ങിനെ വംശനാശം സംഭവിച്ചു എന്ന് വരച്ചു കാട്ടുന്നു . കഥയില്‍ തന്നെ ഉപ്പു കാച്ചാന്‍ പയ്യന്നൂര്‍ വരെ പോയ  നീലകണ്ഠന്‍ നമ്പൂതിരിയെ കൊണ്ട് വരിക വഴി നാട്ടിലെ സ്വാതന്ത്ര്യ സമര ഭടന്മാരെ മാഷ്‌ കാണാതെ പോകുന്നില്ല . ബഹുരാഷ്ട്രകുത്തകള്‍ക്ക്‌ മുമ്പില്‍ പടിച്ചു നില്‍ക്കാന്‍ കഴിയാത്ത നാട്ടു സംരംഭങ്ങള്‍ പോലെ രാമന്‍ നായരുടെ ചായ പീടികയും

 
   

ഇത് ഒരു സ്വകാര്യം എന്ന കഥ എം ടി യെ കുറിച്ചു ആണ് .പാലക്കാട് ഡയാറ തെരുവിലെ പഴയ ഇരുനില കെട്ടിടത്തിലെ താഴത്തെ അറ്റത്തെ കുടുസ്സു മുറിയെ പറ്റിയാണ്.അന്ന് സജീവമായിരുന്ന ട്യൂട്ടോറിയല്‍ സ്ഥാനപത്ത്തിലെ അധ്യാപകനെ കുറിച്ചാണ് .ഇന്നത്തെ ഡയാറ തെരുവ് ഒരു പാട് മാറിപ്പോയി .എം ടി യും .മാഷ്‌ പറയാതെ പറയുന്നു .
          

 .പാലക്കാടിനും തമിഴ് നാടിനും ഇടയില്‍ വാളയാര്‍ ചെക്ക് പോസ്റ്റ്‌ . അതിന്റെ ചിട്ട വട്ടം എന്നോണം വേലന്താവളത്തെയും നാട്ടുകല്ലിലെലെയും നിഗൂഡമായ കുറുക്കുവഴികളിലൂടെ ഒടിമറിയുന്ന സ്പിരിറ്റ് ലോറികള്‍ .വേലുചാമിയുടെ വിടുതലൈ
എന്ന കഥയില്‍ വേലുചാമി സുന്ദരന്‍ മുതലാളിയുടെ വിശ്വസ്തനാണ് . ഒരു ദിവസം വേലുചാമിക്ക് സ്വാന്തന്ത്ര്യം വേണം എന്ന് തോന്നുന്നു . ആ സ്വാതന്ത്ര്യം തന്നെ ഭാരം ആകുന്നു എന്ന് പിന്നീടവന് മനസ്സിലാവുന്നു .അവന്‍ വീണ്ടും സുന്ദരന്‍ മുതലാളിയിലേക്ക് മടങ്ങുന്നു . പാര്ശ്വവത്കരിക്കപ്പെട്ടു പോകുന്ന ഇത്തരം സൂക്ഷ്മ ജീവിതങ്ങളെ  എത്ര വേണം എങ്കിലും മാഷിന്റെ കഥകളില്‍ കാണാന്‍ ആകും .
 . പനങ്കള്ള് പാലക്കാടിന്റെ തനതു പാനീയമാണ് . കള്ള് സത്യസ്ഥിതി ഉള്ളതാണ് , മലമ്പുഴ കനാല്‍ വെള്ളം പോലെ പതയും കണ്ടം കൊയ്യാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളുടെ കവിളുപോലെസ്വാദ് ഉള്ളതുമാണ്‌ എന്നാണു കയിലത്തൂരിന്റെ കഥയിലെ വേലുണ്ണിയുടെ സര്‍ടിഫിക്കറ്റ്. നമ്മന്റെ പനകള്‍ നേരും നെറിയും ഉള്ളവര്‍ ആണ് . കള്ള് മായം കലര്‍ന്ന് അയിത്തപ്പെട്ടത്തിന്റെ പിന്നിലും ലാഭക്കൊതിയുടെ കനം ഉണ്ട് .കാവിലമ്മയുടെ പൂതന്‍ ആയ വേലുണ്ണിയുടെ വ്യഥ കള്ളിന്റെ ഈ മായം എങ്ങിനെ വന്നു എന്നാണു .ആ സന്ദേഹത്തിലാണ് അയാളുടെ തൂങ്ങി മരണം . നിലം പൊത്തിയ കാവ് പുതുക്കി പണിയാന്‍ എത്തുന്ന അബ്കാരി മുതലാളി .അതിന്റെ തുടര്‍ച്ചയെന്നോണം മൂന്നു കൊലപാതകങ്ങള്‍ .നാട്ടില്‍ അത്ര കാലം ഇല്ലാത്ത കാര്യങ്ങള്‍ . നിഷ്കളങ്കതയുടെ ദേശ വാഴ്വില്‍ പണത്തിനും കാപട്യത്തിനും മാത്രം മനസ്സിലാവുന്ന കാര്യങ്ങള്‍ ഉടലെടുത്തു കൊണ്ടിരിക്കുന്നതാണ് മാഷിന്റെയും വ്യഥ.
         നഗരത്തില്‍ ജോലിക്കാരനായ മകന്റെ കൂടെ ജീവിക്കുമ്പോഴും കുപ്പെലന്‍ എന്ന എട്ടു ദേശത്തിന്റെ തുയിലുണര്‍ത്ത് കാരന് മണ്ണിനെ വരിഞ്ഞു പിടിച്ചു കിടക്കുന്ന പുല്ലു പോലെയാണ് നാട്ടു ജീവിതം . പട്ടിണി ഒരു അവകാശം പോലെ ആണ് . അലച്ചിലും പട്ടിണിയും കാലങ്ങളായി ശീലിച്ചു വന്ന വികാരം . വിശന്നു കഴിഞ്ഞു കുടിക്കുന്ന കഞ്ഞിക്കു എന്ത് സ്വാദ് എന്ന് കുപ്പെലനും കാളിയും നെടുവീര്‍പ്പിടുന്നു .അങ്ങിനെ അവര്‍ കുപ്പെലനും കാളിയും ആയി ജീവിച്ചു എന്ന് കഥ അവസാനിപ്പിക്കുന്നിടത്ത് ദേശത്തിന്റെ ജീവിത തത്വ ശാസത്രം ഉണ്ട് .അവനവന്‍ അവനവന്‍ ആയി ജീവിക്കണം .അങ്ങിനെ അല്ലാതെ ഉള്ള ജീവിതം വെറും നാട്യം മാതം .അറിയുന്ന തൊഴില് ചെയ്തു ജീവിക്കണം .
   .മാഷിന്റെ കഥകളില്‍  വിട്ടു പോയ കാര്യങ്ങള്‍ ഇല്ല എന്ന് പറയേണ്ടി വരും . ജീവിച്ചിരുന്ന സമൂഹത്തിന്റെ ഓരോ അംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് മതങ്ങള്‍ അവയുടെ ഉള്‍പ്പിരിവുകള്‍ ആയ .സമുദായങ്ങള്‍ അവയിലെ ആചാരങ്ങള്‍ എല്ലാം..എല്ലാം ഭാവനയില്‍ അപ്പുറം സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ട് തന്നെ
     .അമ്പലവാസി സമുദായങ്ങളി
പെടുന്ന ഒരു വിഭാഗമാണ് പിഷാരടിഅഥവാ  സമുദായം.ക്ഷേത്രങ്ങളിലെ മാലകെട്ട്, വിളക്കുപിടി മുതലായ കഴക പ്രവുത്തികള്‍ പാരന്പര്യ  ഉപജീവനമാഗ്ഗമായും  സ്വീകരിച്ചിരുന്നവര്‍ .സംസ്കൃതപഠനം ഇവരുടെ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു .പാലക്കാട് ,മുണ്ടൂര്‍ ഭാഗങ്ങളിലെ പിഷാരടി സമുദായത്തിന്റെ ജീവിതത്തില്‍  നിന്നും മാഷ്‌ ഒരു പാട് കഥകള്‍ പകര്‍ത്തിയിട്ടുണ്ട് .മാഷും ഇതേ സമുദായക്കാരനാണ് എന്നതിനാല്‍ ആണ് പല കഥകളിലും ഭാഷ കുലീനമായി പോയിട്ടുള്ളത് എന്ന് കാണാം .ആലിലകളുടെ ഇളകിയാട്ടം സമാധിക്കുഴി എന്നീ കഥകളില്‍ പിഷാരടി സമുദായക്കാരുടെ ശവ സംസ്കാര രീതി പോലും മാഷ്‌ പറയുന്നുണ്ട് .മലര്‍ന്നു കിടക്കുന്ന സച്ചിദാന്ദം എന്നതിലെ ഗോവിന്ദ പിഷാരടിയും ഇങ്ങിനെ വന്നതാണ്‌  .ഒരു സ്വപ്നം പോലെ എന്ന കഥയില്‍  തന്റെ പിഷാരത്ത് ഇരുന്നു കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന രാഘവ പിഷാരടി കടന്നു വരുന്നു .ഹൈദരാലി പാലക്കാട് കോട്ട പണിയാന്‍ തുടങ്ങുമ്പോള്‍ സ്ഥലം നിശ്ചയിച് കുറ്റിയടിച്ചതു മഹാജോത്സ്യന്‍ ആയ പിഷാരടിയാണ്.അതിനു സാക്ഷ്യം വഹിച്ചത് അന്നത്തെ പാലക്കാട് രാജാവ് കോമ്പിയച്ചന്‍ .രാവണോത്ഭവം  എന്ന ആട്ടക്കഥ എഴുതിയ രാഘവപിഷാരടി..ഇതെല്ലാം സ്വ സമുദായം കൂടിയായ പിഷാരടി സമുദായത്തിന്റെ ഔന്നത്യത്തിനെ മാഷ്‌ കുറിച്ച്വയ്ക്കുന്നതാണ് .
തന്റെ കുട്ടിക്ക് ജോസഫ്‌ സ്റാലിന്‍ എന്ന് പേരിട്ടു റഷ്യന്‍ മമതയുടെ പ്രതിരൂപം ആയ കൃഷ്ണപിഷാരടിയാണ് എത്രത്തോളം എന്നറിയാതെ എന്ന കഥയില്‍ .പിന്നീടു മകന്‍ ആ പേരിനെ വെറുത്തു എങ്കിലും .
   നമ്പൂതിരി ഇല്ലങ്ങളെ കുറിച്ചും മാഷിനു പറയാന്‍ ഏറെ .രാമന്‍നായരുടെ കടയില്‍ മറ്റു ജാതിക്കാരോടൊപ്പം,ചായ കുടിക്കാന്‍ എത്തുന്ന മനക്കലെ തമ്പുരാന്‍ , ഉപ്പുകാച്ചലില്‍ പങ്കെടുത്ത നമ്പൂതിരി കുടുംബാംഗം ഒക്കെ കഥയില്‍ എത്തുന്നു .നായര്‍ സമുദായത്തിലെ തറവാടുകളില്‍ നിന്നും ഒരു പാട് കഥകള്‍ ഉണ്ട് മാഷിന്റെതായി.മറക്കാന്‍ പാടില്ലാത്ത ഒരു കഥയില്‍ ഗ്രാമത്തിന്റെ അധികാരിയായിരുന്ന ഗോപാലന്‍നായരെ അവതരിപ്പിക്കുന്നുണ്ട് .എഴുത്തച്ഛന്റെ ചായപ്പീടികയില്‍ ചായ കുടിക്കാന്‍ എത്തിയ കണക്കന്‍ എന്ന ചെറുമപ്പയ്യനെ  ഗോപാലന്‍ നായര്‍ ശിക്ഷിക്കുന്നതും നമ്പീശന്‍ മാഷ്‌ ,ഖാദര്‍ ആശയക്കാരായ പൊതുവാള്‍ ,നെടുങ്ങാടി എന്നിവര്‍ ,നമ്പീശന്‍ മാഷിന്റെ ശിഷ്യനായി വിദ്യാഭ്യാസം നേടുന്ന പഴയ കണക്കന്‍ അവസാനം ചങ്കൂറ്റത്തോടെ ഗോപാലന്‍ നായര്‍ക്കു മുന്നില്‍ ചെല്ലുന്ന സന്ദര്‍ഭം എന്നിവയിലൂടെ കഥ പുരോഗമിച്ചു .
    ,പാലക്കാട് ജിലയില്‍ മാത്രം ഉള്ള സമുദായം ആയ ഗുപ്തന്‍ അഥവാ മൂത്താന്‍ സമുദായത്തെ പോലും മാഷ്‌ രാമഗുപ്തന്‍ എന്ന ദുര്‍നിമിത്തം എന്ന കഥയില്‍ അവതരിപ്പിക്കുന്ന്ട് . കള്ളുചെത്ത് തൊഴിലാക്കിയ തിയ്യന്മാര്‍ , നാടിനെ തുയിലുണര്ത്തുന്ന പാണ സമുദായം ,മുസ്ലിം ,ക്രിസ്ത്യന്‍ സമുദായങ്ങള്‍  എല്ലാം കഥകളില്‍ വന്നു പോകുന്നു .
     താവളം തൊട്ടു താവളം വരെ എന്ന കഥയില്‍ ഗോപാലപുരത്തെ  കന്നുകാലി താവളത്തില്‍ നിന്നും കൊഴിഞ്ഞാമ്പാറയില്‍ നിന്നും പറളിയിലൂടെ ആട്ടിത്തെളിച്ചു  കൊച്ചിയിലെ അറവുശാലയിലെക്കു എത്തിക്കുന്ന മയില്‍സ്വാമി എന്ന വസൂരിക്കാരനെ ,സമാനമായ രീതിയില്‍ ഒരു പുതുപ്പണക്കാരന്‍ തന്റെ മകളെ മറ്റൊരു പുതു പ്പണക്കാരന് കൊടുക്കുമ്പോള്‍ മഹിമ കൂട്ടാന്‍ സമ്മാനമായി വാങ്ങിയ കൊണ്ടെസ്സ കാറ് ഇടിചിടുന്നു .മയില്‍സ്വാമിക്കും കൊണ്ടെസ്സ കാറിന്റെ ഡ്രൈവര്‍ അപ്പുക്കുട്ടനും ഒരേ നിയോഗം .

      ജാതി പേരുകള്‍ വാലുകലായി ചിലവേള പൊങ്ങച്ചത്തിന്റെ   ഭാഗമായി സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നവരെയും , പുരോഗമന ചിന്തയുടെഭാഗമായി  ജാതി വാലുകള്‍ മുറിച്ചു കളയുന്നവരെയും മാഷ്‌ കാണിക്കുന്നു .പൂണ് നൂലിന്റെ മന്ത്രബലം എന്ന കഥയിലെ രുദ്രന്‍ തന്റെ പേരിനോടൊപ്പം ഉണ്ടായിരുന്നു ജാതി പേര് വെട്ടി നീക്കിയത് ഒരു തോന്നലിനു ചെയ്തതല്ല ആഡ്യന്‍മാരോടുള്ള അസ്കിത കൊണ്ടായിരുന്നു എന്ന് കഥയുടെ തുടക്കത്തിലേ മാഷ്‌ വരച്ചിടുന്നു .അന്തല്യായ്മ എന്ന കഥയില് തന്റെ മണ്ണും തന്റെ അയല്പക്കവും നിത്യ സൌഹൃദവും ആയ മൊയ്തുവിനെയും സൈനബയും സമുദായത്തിന്റെ പേരില്‍ പിരിയേണ്ടി വരുമ്പോള്‍ ഞാനും ദേവുവും മതം മാറി മുസ്ലിം ആയാലോ എന്ന് ചോദിച്ചു മൌലവിയുടെ അടുത്തെത്തുന്ന വേലായുധന്റെ വ്യഥ അന്നും ഇന്നും ഒരേ പോലെ .ജാതിക്കപ്പുറവും ഹൃദയം എന്ന വലിയ മതം ബാക്കിയുണ്ട് എന്ന് കാണിക്കുന്ന കഥ .
     ചിറ്റൂരിലെ അധ്യാപക പരിശീലന കേന്ദ്രത്തിലെ ജോലി മാഷ്ക്ക് സമ്മാനിച്ച കഥകള്‍ ഒട്ടേറെ .അമ്മിണി കുട്ടി ടീച്ചര്‍ ,സുമിത്ര അങ്ങിനെ എത്രയോ ഉജ്വല കഥാപാത്രങ്ങള്‍.ഒരു അധ്യാപകന്റെ ആത്മ ഗതങ്ങള്‍ എന്ന് പേരിട്ട കുറിപ്പുകളില്‍  ഈ ജീവിതവും തെളിഞ്ഞു വരുന്നു . (ലേഖകന്‍ അവിടെ പഠിക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി മാഷ്‌   വിരമിച്ചിരുന്നു,എങ്കിലും  അധ്യാപക വിദ്ധ്യാര്‍ത്ഥികളുടെ വാര്‍ഷിക മാഗസിന്‍ പ്രകാശനത്തിന് എത്തിയ അദ്ദേഹം ലേഖകന്റെ നോവലെറ്റിലെ സന്ധ്യ പെയ്തിറങ്ങുകയാണ് എന്ന ആദ്യവാചകം എടുത്തു പറഞ്ഞതും ,സദസ്സിന്റെ ആവശ്യപ്രകാരം കക്കാടിന്റെ സഫലമീ യാത്ര ആലപിച്ചതും , കവിത കഴിഞ്ഞു വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ആരും കാണാതെ കണ്ണു തുടച്ചതും ഇന്നലത്തെ പോലെ ഓര്‍മ..മാഷിന്റെ മനസ്സില്‍ അപ്പോള്‍ മൂന്നാമത് ഒരാള്‍ നിറഞ്ഞിട്ടുണ്ടാകണം  )

ശിവപ്രസാദ് പാലോട്

9249857148