kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, September 4, 2017

ഞാന്‍



ഞാന്‍ ഒരു രാജ്യമായിരുന്നു
അതിരുകളിൽ
നീ എന്ന രാജ്യവും
അവര്‍ എന്ന രാജ്യങ്ങളും

തരം കിട്ടിയാല്‍
ആക്രമിക്കുമെന്നതിനാല്‍
വേലികെട്ടലായിരുന്നു
എന്റെ സമയ സൂചികള്‍


പിന്നെയെപ്പൊഴോ
എന്റെ തന്നെ ഇരുട്ടിലേക്ക്
നോക്കിയിരുന്നപ്പോള്‍
ജീവകോശങ്ങള്‍
എന്നെ തന്നെ കാര്‍ന്നുതിന്നുന്നു

എന്റെ ഉള്‍ക്കാടുകളില്‍
ഒളിച്ചിരുന്നു
എനിക്ക് നേരെ
rവെടിയുതിര്‍ക്കുന്നവര്‍

പരസ്പരം വെട്ടിച്ചാവാന്‍
എന്നിലെ തന്നെ
പല ഭാഷകള്‍ ,വേഷങ്ങള്‍

വീടിന്റെ ചുവരുകള്‍
എപ്പോളാണ് പട്ടാളടാങ്കുകള്‍
ആയി മാറുന്നതെന്നറിയില്ല
കണ്ണാടിയിലെ പ്രതിബിംബം
ഒരെതിരാളിപോലെ
കോമ്പല്ല് കാണിക്കുന്നു

കടലാസില്‍ നിന്നും
ഫണമുയര്‍ത്തി
എന്റെ തന്നെ വാക്കുകള്‍
നയിക്കുന്ന പ്രതിഷേധ ജാഥ
എന്റെ ചങ്കിനു നേരെ
എന്റെ തന്നെ നഖങ്ങള്‍
ഉച്ചരിക്കുന്നതൊക്കെയും
കൊലവിളികള്‍, നിലവിളികള്‍
ആയെന്റെ ചെവിയില്‍

പുറമേ നിന്നുള്ള
ശത്രുവിനേക്കാള്‍
ഞാനിപ്പോള്‍ പേടിക്കുന്നത്
എന്നെ തന്നെയാണ്,

No comments:

Post a Comment